Breaking Now

കാശുള്ള ബിസിനസ്സുകാരനെക്കാള്‍ താഴെയാണോ കൃഷിക്കാരന്‍? മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് യാതൊരു ആശ്വാസവും നല്‍കുന്നില്ല, രാഹുല്‍ പറഞ്ഞു.

കോടികളുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചും, ലോണ്‍ എഴുതിത്തള്ളിയും സഹായിക്കുന്ന ബിസിനസ്സുകാരേക്കാള്‍ കര്‍ഷകര്‍ കുറഞ്ഞ ആളുകളാണോയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ നേരിടുന്ന ദുരിതത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍. 

കര്‍ഷകരെ ഈ നിലയില്‍ കൊണ്ടെത്തിച്ചത് രാജ്യം ഏറെ കാലം ഭരിച്ച കോണ്‍ഗ്രസാണെന്ന് ലോക്‌സഭയില്‍ രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് തിരിച്ചടിച്ചു. നരേന്ദ്ര മോദി ചെയ്തത് പോലെ കര്‍ഷകര്‍ക്കായി വിവിധ സേവനങ്ങള്‍ നല്‍കാന്‍ ഇതിന് മുന്‍പ് ഒരു പ്രധാനമന്ത്രിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശൂന്യവേളയിലാണ് കേരളത്തിലെയും, പ്രത്യേകിച്ച് വയനാട്ടിലെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചത്. 4.3 ലക്ഷം കോടിയുടെ ടാക്‌സ് ഇളവുകളും, 5.5 ലക്ഷം കോടിയുടെ ലോണ്‍ എഴുതിത്തള്ളലും ബിസിനസ്സുകാര്‍ക്ക് ലഭ്യമാക്കിയപ്പോഴാണ് കര്‍ഷകര്‍ക്ക് ഈ അവസ്ഥ. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് യാതൊരു ആശ്വാസവും നല്‍കുന്നില്ല, രാഹുല്‍ പറഞ്ഞു. 

കഴിഞ്ഞ നാല് വര്‍ഷം കൊണ്ടല്ല കര്‍ഷകരുടെ അവസ്ഥ മോശമായതെന്ന് ഇതിന് മറുപടി നല്‍കവെ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. രാജ്യം ദീര്‍ഘകാലം ഭരിച്ചവരാണ് ഇതിന് ഉത്തരവാദികള്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരാളും നല്‍കാത്ത ചുരുങ്ങിയ താങ്ങുവിലയാണ് നമ്മുടെ പ്രധാനമന്ത്രി നല്‍കുന്നത്, രാജ്‌നാഥ് സിംഗ് വിശദീകരിച്ചു.  

 

 




കൂടുതല്‍വാര്‍ത്തകള്‍.