CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 9 Seconds Ago
Breaking Now

ചോദിച്ചതെല്ലാം കിട്ടിയിട്ടും ലോകകപ്പില്ലാതെ വിരാട് മടങ്ങി; ക്യാപ്റ്റന്‍ പട്ടം തെറിക്കുമോ; രോഹിത് ശര്‍മ്മയ്ക്ക് പ്രൊമോഷന്‍?

തെറ്റ് തിരുത്തല്‍ നടപടികളിലേക്ക് കടന്നാല്‍ വിരാടിന് പകരം ക്യാപ്റ്റന്‍ തൊപ്പി രോഹിത്തിന്റെ ശിരസ്സിലേക്ക് എത്തുമോയെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

വിരാട് കോഹ്‌ലി ചോദിച്ചതെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൈയയച്ച് നല്‍കാന്‍ ബിസിസിഐ മത്സരിച്ചിരുന്നു. അനില്‍ കുംബ്ലെയെ മാറ്റി രവി ശാസ്ത്രിയെ വേണമെന്ന് വിരാട് പറഞ്ഞത് അനുസരിച്ച് അത് നല്‍കി. പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുമതി വേണമെന്ന് പറഞ്ഞു, അതും നല്‍കി. കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടു, അതും ലഭിച്ചു. ഇനി കപ്പ് എവിടെയെന്ന് തിരിച്ച് ചോദിച്ചാല്‍ വിരാട് കോഹ്‌ലി അതിന് ഉത്തരം പറഞ്ഞേ മതിയാകൂ. 

2018ല്‍ വിരാടിന്റെ നേതൃത്വത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ ഏകദിന പരമ്പര വിജയം ചൂടി. ചരിത്രം കുറിച്ച് ഓസ്‌ട്രേലിയയിലും, ന്യൂസിലാന്‍ഡിലും വിജയങ്ങള്‍. 2019 ലോകകപ്പ് നേടാന്‍ പറ്റിയ ടീം ഇന്ത്യയെന്ന് ലോകം പറഞ്ഞു. പക്ഷെ ഫലം തിരിച്ചായി. നമ്പര്‍ നാലില്‍ ആര് ഇറങ്ങുമെന്ന ചോദ്യത്തിന് പോലും ഉത്തരം കണ്ടെത്താന്‍ കഴിയാതെയാണ് ആ മടക്കം. 

പല താരങ്ങളും ഇന്ത്യന്‍ ടീമില്‍ വരികയും, പുറത്താവുകയും ചെയ്തു. കാരണം എന്തെന്ന് ആരും ചോദിച്ചില്ല, ആരും വിശദീകരിച്ചുമില്ല. അജിങ്ക രഹാനെയെ പോലെ അനുഭവസമ്പത്തുള്ള താരം എന്ത് കൊണ്ട് ടീമില്‍ ഇടംനേടിയില്ലെന്ന ചോദ്യം വിരാടിനെയും, കോച്ച് ശാസ്ത്രിയെയും തിരിഞ്ഞ് കുത്തുന്നു. ശിഖര്‍ ധവാന്‍ പുറത്തായതോടെ കെഎല്‍ രാഹുല്‍ ഒറ്റയടിക്ക് ഓപ്പണിംഗിലേക്ക് നിര്‍ബന്ധിക്കപ്പെട്ടു. 

മേഘാവൃതമായ ഘട്ടങ്ങളില്‍ എങ്ങിനെ കളിക്കണമെന്ന് ഇന്ത്യക്ക് അറിയില്ലെന്ന് മുന്‍പും തെളിയിച്ചിട്ടുള്ളതാണ്. ഇത് സെമിയിലും ആവര്‍ത്തിച്ചു. ക്യാപ്റ്റന്‍സിയുടെ പോരാട്ടവീര്യം പറയുമ്പോഴും ഒരു സുപ്രധാന ടൂര്‍ണമെന്റിലും കിരീട നേട്ടം കൊയ്യാന്‍ വിരാടിന് സാധിച്ചിട്ടില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോലും വിരാട് നേതൃത്വം നല്‍കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പട്ടികയില്‍ അവസാന ഇടമാണ് ഉറപ്പിക്കാറുള്ളത്. മറുവശത്ത് രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനായി നാല് കിരീടങ്ങള്‍ നേടി. 

തെറ്റ് തിരുത്തല്‍ നടപടികളിലേക്ക് കടന്നാല്‍ വിരാടിന് പകരം ക്യാപ്റ്റന്‍ തൊപ്പി രോഹിത്തിന്റെ ശിരസ്സിലേക്ക് എത്തുമോയെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.