Breaking Now

കിടപ്പുമുറിയില്‍ ക്യാമറ വച്ചുവെന്ന പേരില്‍ ഭാര്യയുടെ പരാതി ; വിചിത്ര മറുപടി നല്‍കി ഭര്‍ത്താവും

സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ് ക്യാമറ വച്ചതെന്നാണ് ഭര്‍ത്താവിന്റെ വിശദീകരണം.

കിടപ്പുമുറിയില്‍ ഭര്‍ത്താവ് ക്യാമറ സ്ഥാപിച്ചുവെന്ന് യുവതിയുടെ പരാതി. ത്രിപുര സ്വദേശിയായ യുവതിയാണ് വനിതാ കമ്മീഷന് നേരിട്ട് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വിളിച്ചുവരുത്തിയ ഭര്‍ത്താവ് നല്‍കിയ മറുപടി കേട്ട് കമ്മീഷന്‍ ഞെട്ടി

സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ് ക്യാമറ വച്ചതെന്നാണ് ഭര്‍ത്താവിന്റെ വിശദീകരണം. ഓരേ മുറിയിലാണെങ്കിലും രണ്ടു പേരും രണ്ട് കട്ടിലിലാണ് കിടക്കുന്നത്. താന്‍ കിടക്കുന്ന ഭാഗത്താണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നതെന്നും ഭര്‍ത്താവ് കമ്മീഷനെ അറിയിച്ചു.

സ്ത്രീധനം ചോദിച്ച് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചെന്നും യുവതി കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും ഇതേ കുറിച്ച് താന്‍ അറിഞ്ഞ ശേഷമാണ് മുറിയില്‍ ക്യാമറ വച്ചതെന്നും യുവതി പറഞ്ഞു. നാലു മുറികളുള്ള വീട്ടില്‍ അഞ്ച് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. കിടപ്പുമുറിക്ക് പുറമേ വീടിലേക്ക് കയറുന്നതും ഇറങ്ങുന്നതും അടക്കമുള്ള എല്ലായിടത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്റെ മോണിറ്റര്‍ ഭര്‍ത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി പറയുന്നു.

ആരോപണങ്ങളെല്ലാം യുവാവ് നിഷേധിച്ചു. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ക്യാമറ വച്ചതെന്നുമാണ് ഇയാളുടെ വാദം. രണ്ടുപേരുടേയും വാദം കേട്ട ശേഷം പുന പരിശോധിക്കാന്‍ ഇരുവര്‍ക്കും 45 ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ് വനിതാ കമ്മീഷന്‍.




കൂടുതല്‍വാര്‍ത്തകള്‍.