CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 29 Seconds Ago
Breaking Now

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിനെ രക്ഷപ്പെടുത്തി തെരുവുനായ്ക്കള്‍; കല്ലെറിയണോ, കൈയടിക്കണോ?

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അവര്‍ വലിച്ച് കരയിലെത്തിച്ചു. പിന്നാലെ കൂട്ടമായി നായകള്‍ കുരച്ചു. ഇത് ശ്രദ്ധിച്ച വഴിയാത്രക്കാരാണ് സംഭവം പോലീസിനെ അറിയിച്ചത്.

റോഡില്‍ അലഞ്ഞ് തിരിയുന്ന നായകളെ കണ്ടാല്‍ ഹോ, ശല്യം എന്നാണ് മനസ്സില്‍ ആദ്യം ചിന്തിക്കുക. ഇവറ്റകള്‍ മനുഷ്യനെ കടിച്ച് ഉപദ്രവിക്കുമെന്ന ഭയമാണ് ഇതിന് പ്രധാന കാരണം. മനുഷ്യന്‍ അശ്രദ്ധമായി വലിച്ചെറിയുന്ന മാലിന്യങ്ങളാണ് തെരുവുനായ്ക്കളെ അപകടകാരികളാക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തിന് നേര്‍ക്ക് കണ്ണടച്ച് കൊണ്ടാണ് ഈ നിലപാട്. പക്ഷെ വിവേകമുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ നിസ്സാരമായി വലിച്ചെറിഞ്ഞ ഒരു ജീവനെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിച്ച തെരുവുനായ്ക്കളുടെ കഥ ആരെയും ചിന്തിപ്പിക്കാന്‍ പോന്നതാണ്. 

സ്ത്രീപുരുഷ അനുപാതത്തില്‍ കുപ്രശസ്തി ആര്‍ജ്ജിച്ച ഹരിയാനയില്‍ നിന്നുമാണ് ആ ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. ജനിച്ചുവീണ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മരിക്കാനായി ഓടയില്‍ വലിച്ചെറിയുകയായിരുന്നു. കൈതാള്‍ പട്ടണത്തിന് സമീപത്തെ ഓടയിലേക്ക് ഒരു സ്ത്രീയാണ് പെണ്‍കുഞ്ഞിനെ എറിഞ്ഞ് കടന്നുകളഞ്ഞത്. 

മനുഷ്യന്റെ മനഃസാക്ഷി മരവിച്ച് പോയെങ്കിലും ആ പ്രദേശത്തുണ്ടായിരുന്ന തെരുവുനായ്ക്കള്‍ക്ക് മനുഷ്യത്വം ബാക്കിയുണ്ടായി. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അവര്‍ വലിച്ച് കരയിലെത്തിച്ചു. പിന്നാലെ കൂട്ടമായി നായകള്‍ കുരച്ചു. ഇത് ശ്രദ്ധിച്ച വഴിയാത്രക്കാരാണ് സംഭവം പോലീസിനെ അറിയിച്ചത്. തൊട്ടടുത്തുള്ള ഒരു സിസിടിവിയില്‍ സ്ത്രീ വലിച്ചെറിയുന്നതും, നായകള്‍ പെണ്‍കുഞ്ഞിനെ വലിച്ച് കരയ്ക്ക് കയറ്റുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 

ഭാരക്കുറവുള്ള കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.