CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 10 Seconds Ago
Breaking Now

ഇത് തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിനുള്ള ബ്രിട്ടനോടുള്ള പ്രതികാരമെന്ന് ഇറാന്‍ ; ഇറാന്റെത് അപകട നീക്കമെന്ന് ബ്രിട്ടനും

സൈനിക നടപടി കൂടാതെ പ്രശ്‌നം പരിഹരിക്കാനാണു ശ്രമമെന്നു ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു

ആശങ്ക ഉയരുന്നു. തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍. അതേസമയം, ഇറാന്‍ അപകടകരമായ പാതയാണു തിരഞ്ഞെടുത്തിരിക്കുന്നെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. സൈനിക നടപടി കൂടാതെ പ്രശ്‌നം പരിഹരിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചാണ് നടപടി. മീന്‍പിടിത്ത ബോട്ടുമായി കപ്പല്‍ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇറാന്‍ പറയുന്നു. എന്നാല്‍ സൗദിയിലേക്കു പോകുമ്പോള്‍ മുന്നറിയിപ്പില്ലാതെ നാല് ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്നു വളയുകയായിരുന്നെന്ന് കപ്പല്‍ കമ്പനിയുടമകള്‍ ആരോപിച്ചു.

മുമ്പ് തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് തിരിച്ചടിയായി ഇത് കരുതാമെന്നും ഇറാന്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ ഇറാന്‍ സൈന്യം കപ്പലില്‍ ഇറങ്ങുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പല്‍ 30 ദിവസംകൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. 

ഇതിനിടെ സൗദി അറേബ്യയില്‍ യുഎസ് സൈന്യത്തെ വിന്യസിക്കാന്‍ 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സേനാ സന്നാഹങ്ങളുള്ള യുഎസ്, ഇറാനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന സൂചനയാണു നല്‍കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.