ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ സെണി ഫൈനലില്‍ തോറ്റ് പുറത്തായതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന വാര്‍ത്തകള്‍ ശക്തമാണ്. ഇന്ത്യന്‍ ടീം മടങ്ങുന്നതിന് മുന്‍പ് തന്നെ വൈസ് ക്യാപ്റ്റന്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, വൈസ് ക്യാപ്റ്റനും തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നത രൂപപ്പെട്ടതായി ഇതോടെ അഭ്യൂഹങ്ങളും ശക്തമായി.
ന്യൂസിലാന്‍ഡിന് എതിരെയായിരുന്നു ഇന്ത്യയുടെ സെമി പരാജയം. ടീമിന്റെ കുടുംബ നിയമം ഒരു താരം മാത്രം തെറ്റിക്കുന്നതില്‍ സീനിയര്‍ അംഗങ്ങള്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്നും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് രോഹിത്തും, വിരാടും സംസാരിച്ചിട്ടില്ലെങ്കിലും സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി താരങ്ങളോട് പരാതി നേരിട്ട് പറയാനാണ് ആവശ്യപ്പെടുന്നത്.
ഇതിനിടെ അഭ്യൂഹങ്ങള്‍ ശരിവെച്ച് കൊണ്ട് രോഹിത് ശര്‍മ്മ നടത്തിയ ഇന്റര്‍നെറ്റ് ഇടപെടലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ വിരാട് കോഹ്‌ലിയെ കുറച്ചുനാളായി ഫോളോ ചെയ്യാത്ത രോഹിത് ക്യാപ്റ്റന്റെ ഭാര്യ അനുഷ്‌ക ശര്‍മ്മയെ 'അണ്‍ഫോളോ' ചെയ്താണ് വാര്‍ത്തകള്‍ക്ക് ട്വിസ്റ്റ് നല്‍കിയത്.
ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന വെബ്‌സൈറ്റില്‍ വിരാട് ഇപ്പോഴും രോഹിത്തിനെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ രണ്ട് ടീമുകള്‍ ഉണ്ടെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഒന്ന് വിരാടിന്റേതും, മറ്റൊന്ന് രോഹിത്തിന്റേതുമാണെന്നാണ് അഭ്യൂഹങ്ങള്‍.