Breaking Now

ഇനി വിദേശ ലൊക്കേഷന്‍ തപ്പി നടക്കേണ്ട, ഷൂട്ടിംഗിന് കശ്മീരിലേക്ക് വരൂ; ബോളിവുഡ്, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളോട് പ്രധാനമന്ത്രിയുടെ ഉപദേശം

തീവ്രവാദ പ്രസ്ഥാനങ്ങള്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പ് ടൂറിസ്റ്റുകളുടെയും, സിനിമാ ലോകത്തിന്റെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഇവിടം

ജനങ്ങളുടെ മനസ്സുകളിലേക്ക് അനായാസം സന്ദേശങ്ങള്‍ എത്തിക്കാന്‍ ഉതകുന്ന ആശയവിനിമയ ഉപാധിയാണ് സിനിമ. അതുകൊണ്ട് തന്നെയാണ് ആശയപ്രചരണത്തിനായി പലരും സിനിമയെ ആശ്രയിക്കുന്നതും. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും ഇക്കാര്യം ചൂണ്ടിക്കാണിച്ചു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ ജമ്മു കശ്മീരിനെയും, ലഡാക്കിനെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് താഴ്‌വരയിലേക്ക് സിനിമാ ചിത്രീകരണത്തിനായി പ്രധാനമന്ത്രി ലോക സിനിമയെ സ്വാഗതം ചെയ്തത്. 

'ബോളിവുഡ് സിനിമാ നിര്‍മ്മാതാക്കളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു ഒരു സമയത്ത് കശ്മീര്‍. അങ്ങിനെ ചിത്രീകരിക്കാത്ത ഒരു സിനിമ പോലും ഉണ്ടായിരുന്നില്ല. ഭാവിയില്‍ അന്താരാഷ്ട്ര സിനിമകള്‍ പോലും ഇവിടെ ഷൂട്ട് ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ജമ്മു കശ്മീരിലേക്ക് സിനിമ ഷൂട്ട് ചെയ്യാനായി ലോകം മുഴുവന്‍ എത്തും', പ്രധാനമന്ത്രി പറഞ്ഞുയ 

ബോളിവുഡ്, തെലുങ്ക്, തമിഴ് സിനിമാ വ്യവസായങ്ങളെ അദ്ദേഹം ജമ്മു കശ്മീരിലേക്ക് ക്ഷണിക്കുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയില്‍ അശാന്തി പടര്‍ത്തി തീവ്രവാദ പ്രസ്ഥാനങ്ങള്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പ് ടൂറിസ്റ്റുകളുടെയും, സിനിമാ ലോകത്തിന്റെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഇവിടം. എന്നാല്‍ തീവ്രവാദം ഇതിനെയെല്ലാം തകിടംമറിച്ചു. രണ്ട് ദശകങ്ങള്‍ക്ക് ശേഷം 2012-ല്‍ ഷാറൂഖ് ഖാന്റെ ജബ് തക് ഹേ ജാന്‍ ആണ് ബോളിവുഡിനെ കശ്മീരിലേക്ക് തിരിച്ചെത്തിച്ചത്. ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ടൂറിസം ജീവന്‍ തിരിച്ചുപിടിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് അന്ന് ഷാറൂഖ് ഖാന്‍ പ്രതികരിച്ചിരുന്നു. 

കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായതോടെ ഈ മാറ്റങ്ങള്‍ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകവും. 




കൂടുതല്‍വാര്‍ത്തകള്‍.