Breaking Now

വില കുറഞ്ഞ ഡീല്‍ വേണോ, എങ്കില്‍ സ്മാര്‍ട്ട് മീറ്റര്‍ വേണം! സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തി നൂറുകണക്കിന് പൗണ്ട് വില കൂടിയ ഡീലില്‍ ചേര്‍ക്കുന്നു; എനര്‍ജി കമ്പനികളുടെ ഈ ഭീഷണിയില്‍ നമ്മള്‍ വീഴണോ?

ബ്രിട്ടനിലെ ഏറ്റവും വലിയ സപ്ലയര്‍ ബ്രിട്ടീഷ് ഗ്യാസ് നല്‍കുന്ന മികച്ച ലാഭമുള്ള ഡീല്‍ ശരാശരി 954 പൗണ്ട് ചെലവ് വരുന്നതാണ്

ഉപഭോക്താക്കളെ വരുതിക്ക് നിര്‍ത്താന്‍ എനര്‍ജി കമ്പനികള്‍ പല വിധത്തിലുള്ള ശക്തിപ്രകടനങ്ങളും നടത്താറുണ്ട്. ഇതിനിടെയാണ് സ്മാര്‍ട്ട് മീറ്റര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് എനര്‍ജി വമ്പന്‍മാര്‍ കസ്റ്റമേഴ്‌സിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നതായി ആരോപണം ഉയരുന്നത്. ഏറ്റവും ലാഭമുള്ള ഡീലുകള്‍ കരസ്ഥമാക്കാന്‍ സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമാണെന്നാണ് ബിഗ് സിക്‌സ് കമ്പനികള്‍ ആവര്‍ത്തിക്കുന്നത്. ഇത് നിരാകരിച്ചാല്‍ നൂറുകണക്കിന് അധികം പൗണ്ട് ചെലവ് അധികം വരുന്ന ഡീലുകള്‍ മാത്രമാണ് ലഭിക്കുകയെന്നാണ് കമ്പനികളുടെ നിലപാട്. 

ബ്രിട്ടനിലെ ഏറ്റവും വലിയ സപ്ലയര്‍ ബ്രിട്ടീഷ് ഗ്യാസ് നല്‍കുന്ന മികച്ച ലാഭമുള്ള ഡീല്‍ ശരാശരി 954 പൗണ്ട് ചെലവ് വരുന്നതാണ്. പക്ഷെ ഈ ഡീലിനൊപ്പമുള്ള ചെറിയ കുറിപ്പ് ഇങ്ങനെ പോകുന്നു- 'ഈ താരിഫ് എടുത്ത് കൊണ്ട് നിങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒരു സ്മാര്‍ട്ട് മീറ്റര്‍ ബുക്ക് ചെയ്യുമെന്ന് ഇതിനാല്‍ സമ്മതിക്കുന്നു'. 

ഇതിന് തയ്യാറാകാത്തവരെ മറ്റൊരു താരിഫിലേക്ക് മാറ്റുകയാണ് ബ്രിട്ടീഷ് ഗ്യാസിന്റെ നടപടി. സ്മാര്‍ട്ട് മീറ്ററില്ലാത്ത ആ ഡീലിന് 266 പൗണ്ടെങ്കിലും അധികം വേണ്ടിവരും. ചില ഡീലുകള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ അനിവാര്യമാണെന്നാണ് കമ്പനി വക്താവിന്റെ വിശദീകരണം. 2020-നുള്ളില്‍ എനര്‍ജി കമ്പനികള്‍ ബ്രിട്ടനിലെ എല്ലാ ഭവനങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കസ്റ്റമേഴ്‌സിന് ഈ ഓഫര്‍ നിരാകരിക്കാനുള്ള വ്യവസ്ഥയുണ്ടെന്നതാണ് വാസ്തവം. 

എന്നാല്‍ തങ്ങള്‍ സ്മാര്‍ട്ട് മീറ്റര്‍ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് തെളിയിച്ചില്ലെങ്കില്‍ എനര്‍ജി കമ്പനി ഫൈന്‍ അടയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ഇതോടെയാണ് കസ്റ്റമേഴ്‌സിനെ ഭീഷണിപ്പെടുത്തിയാലും സംഗതി നടപ്പാക്കാന്‍ കമ്പനികള്‍ ഇറങ്ങിത്തിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.