Breaking Now

കശ്മീരില്‍ ലോകം നമ്മളെ പിന്തുണയ്ക്കില്ല; പാകിസ്ഥാനികള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കരുത്; ഇന്ത്യന്‍ തീരുമാനത്തില്‍ നിസ്സഹായത വെളിപ്പെടുത്തി പാക് വിദേശകാര്യ മന്ത്രി

യുഎന്‍ സുരക്ഷാ കൗണ്‍സിലിന് പുറമെ മുസ്ലീം ലോകത്തിലെ ആരും തന്നെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ഇന്ത്യയുടെ നടപടിയെ എതിര്‍ക്കാന്‍ പോകുന്നില്ലെന്ന് ഖുറേഷി പറയുന്നു

ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാനുള്ള തിരക്കിലാണ് പല പ്രതിപക്ഷ പാര്‍ട്ടികളും. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ ഒന്നും തയ്യാറാകില്ലെന്ന് സമ്മതിച്ചിരിക്കുകയാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. പാകിസ്ഥാനികള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കരുതെന്നാണ് ഈ വിഷയത്തില്‍ ഖുറേഷിയുടെ മുന്‍കൂര്‍ ജാമ്യം!

യുഎന്‍ സുരക്ഷാ കൗണ്‍സിലിന് പുറമെ മുസ്ലീം ലോകത്തിലെ ആരും തന്നെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ഇന്ത്യയുടെ നടപടിയെ എതിര്‍ക്കാന്‍ പോകുന്നില്ലെന്ന് ഖുറേഷി പറയുന്നു. 'ജനം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കരുത്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നമ്മളെ ആരും മാലയിട്ട് സ്വീകരിക്കില്ല, ആരും നമ്മളെ കാത്തുനില്‍ക്കില്ല', പാക് വിദേശകാര്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. 

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാനുള്ള തീരുമാനം ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് വ്യക്തമാക്കിയിരുന്നു. യാഥാര്‍ത്ഥ്യം സ്വീകരിക്കണമെന്ന് പാകിസ്ഥാനോടും ഇന്ത്യ ആവശ്യപ്പെട്ടു. സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മുസ്ലീം രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ പോകുന്നില്ലെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ ഒരു വന്‍ വിപണിയാണ്. പലര്‍ക്കും അവരോട് താല്‍പര്യമുണ്ട്, അതുകൊണ്ട് മുസ്ലീം രാജ്യങ്ങള്‍ പോലും നമുക്കൊപ്പം നില്‍ക്കില്ല, ഖുറേഷി പറയുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗമായ റഷ്യ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യങ്ങള്‍ സമ്മതിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.