Breaking Now

ഈസ്റ്റര്‍ ഞായറാഴ്ചയിലെ തീവ്രവാദി അക്രമണങ്ങളില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണം; 14 ബിഷപ്പുമാര്‍ ഒപ്പുവെച്ച കത്ത് ശ്രീലങ്കന്‍ സര്‍ക്കാരിന്

ഈസ്റ്റര്‍ സ്‌ഫോടനങ്ങള്‍ക്ക് ശേഷമുള്ള രാജ്യത്തെ അവസ്ഥ വിലയിരുത്തിയ ശേഷമാണ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

കഴിഞ്ഞ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ സ്‌ഫോടനങ്ങളില്‍ അടിയന്തരമായി സ്വതന്ത്രവും, പക്ഷപാതരഹിതവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിലെ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്തില്‍ 14 ബിഷപ്പുമാര്‍ ഒപ്പുവെച്ചു. 250ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേര്‍ അക്രമണങ്ങളില്‍ നൂറുകണക്കിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഈസ്റ്റര്‍ സ്‌ഫോടനങ്ങള്‍ക്ക് ശേഷമുള്ള രാജ്യത്തെ അവസ്ഥ വിലയിരുത്തിയ ശേഷമാണ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഭീകരാക്രമണങ്ങളില്‍ നടന്ന അന്വേഷണങ്ങള്‍ പക്ഷാപാതരഹിതം ആയിരുന്നില്ലെന്ന് കോണ്‍ഫറന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 

'സുരക്ഷാ പാളിച്ചയ്ക്ക് കാരണം കണ്ടെത്താനാണ് നിയമിതമായ പല കമ്മിറ്റികളുടെയും ലക്ഷ്യം. എന്നാല്‍ ഇതോടൊപ്പം കുറ്റവാളികളെ കണ്ടെത്തി അവരെ ശിക്ഷിക്കാനും മുന്‍ഗണന നല്‍കണം. ഇക്കാര്യത്തില്‍ യാതൊരു പുരോഗമനവും കാണുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രപതി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല', കോണ്‍ഫറന്‍സ് ചൂണ്ടിക്കാണിച്ചു. 

ജനങ്ങളുടെ ജീവിതം ഇപ്പോഴും ഭയത്തിന്റെ നിഴലിലാണ്. സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ യത്‌നിച്ച സായുധ സേനകളെയും, പോലീസിനെയും ആത്മാര്‍ത്ഥമായി കോണ്‍ഫറന്‍സ് അഭിനന്ദിച്ചു. ഏപ്രില്‍ 21നാണ് ഹോട്ടലുകള്‍, പള്ളികള്‍ എന്നിവിടങ്ങളിലായി എട്ട് സ്‌ഫോടനങ്ങള്‍ നടന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.