കാമുകനൊപ്പം പോയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ച് അമ്മ. തിരുനല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. വീട്ടമ്മയായ അമരാവതിയാണ് ജീവിച്ചിരുന്ന മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത്. കോളേജ് വിദ്യാര്‍ത്ഥിനിയായ അഭി(19) അയല്‍വാസിയായ യുവാവിനെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിലായിരുന്നു ഈ പ്രവര്‍ത്തി.
നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച അമരാവതിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാം മകളാണ് അഭി. ഓഗസ്ത് 14നാണ് അഭി അയല്‍വാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്. അടുത്ത ദിവസം അദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്ററുകള്‍ വന്നു. തുടര്‍ന്ന് സന്തോഷ് അന്വേഷിച്ചപ്പോഴാണ് അമരാവതിയാണ് പിന്നിലെന്ന് മനസിലായത്. മകളുടെ മരണം അറിയിച്ച് നൂറു പോസ്റ്ററുകള്‍ അച്ചടിച്ച് ഇവര്‍ നാട്ടില്‍ പതിച്ചു. അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററില്‍.
ഭര്‍ത്താവിന്റെ മരണ ശേഷം ഏറെ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയതെന്നും മകള്‍ പോയ ദേഷ്യത്തിലാണ് താനിത് ചെയ്തതെന്നും അമരാവതി പറഞ്ഞു. സന്തോഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതിനാലാണ് മകളുടെ ബന്ധത്തിനെ എതിര്‍ത്തത്. രേഖാമൂലം ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.