Breaking Now

റിമെയിനര്‍ എംപിമാരെ ഭയപ്പെടുത്തുന്നത് വോട്ടര്‍മാരുടെ ഈ ശക്തിയോ? ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ യൂറോപ്പ് പ്രേമികളെ വോട്ടര്‍മാര്‍ വെട്ടിനിരത്തും; ജെറമി കോര്‍ബിനെ വഹിക്കുന്നതിലും ഭേദം ബോറിസിന്റെ നോ ഡീലെന്ന് ജനം!

എന്‍എച്ച്എസിലും ബോറിസിന് പിന്തുണയേറുന്നുവെന്ന സൂചനയും സര്‍വ്വെ നല്‍കുന്നു

രാഷ്ട്രീയക്കാരുടെ യൂറോപ്പ് പ്രേമത്തില്‍ വോട്ടര്‍മാര്‍ക്ക് കലിപ്പെന്ന് സര്‍വ്വെ ഫലം. ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത കാല്‍ഭാഗം പേരും രാഷ്ട്രീയ നേതൃത്വം ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടതായും, രാജ്യതാല്‍പര്യങ്ങള്‍ക്ക് അനുസൃതമായല്ല ഇവരുടെ പ്രവര്‍ത്തനമെന്നും അഭിപ്രായപ്പെട്ടു. സര്‍വ്വെയില്‍ പങ്കെടുത്ത പകുതി പേരും തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനെ പിന്തുണച്ചുവെന്നതും ശ്രദ്ധേയമാണ്. കോമണ്‍സില്‍ ഈ നീക്കത്തെ എംപിമാര്‍ തടഞ്ഞത് ശരിയല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ബ്രക്‌സിറ്റിന്റെ പേരിലുള്ള ഉടക്കിന്റെ പേരില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ജനപ്രിയ പ്രധാനമന്ത്രി. ലേബര്‍ നേതാവ് ജെറമി കോര്‍ബിനേക്കാള്‍ 20 പോയിന്റ് ലീഡാണ് ബോറിസിനുള്ളത്. ആരാകണം പ്രധാനമന്ത്രി എന്ന് തീരുമാനിക്കാത്തവര്‍ക്കും പിന്നിലാണിത്. ബോറിസ് രാജിവെച്ച് പകരം ഒരാള്‍ സ്ഥാനം ഏറ്റെടുത്ത് ബ്രക്‌സിറ്റ് ദീര്‍ഘിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം തെരഞ്ഞെടുപ്പിനും സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നു. 

അതേസമയം പ്രധാനമന്ത്രിയെ പെട്ടിയില്‍ അടച്ചെന്നാണ് എതിരാളികളുടെ പക്ഷം. ഇനി ഓടിക്കൊണ്ടിരിക്കുക മാത്രമാണ് ബോറിസിന് മുന്നിലുള്ള വഴിയെന്നും ഇവര്‍ പറയുന്നു. നോ ഡീല്‍ ബ്രക്‌സിറ്റ് വേണോ, ജെറമി കോര്‍ബിനെ ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിക്കണോ എന്ന ചോദ്യത്തിന് കരാറില്ലാത്തത് തന്നെയാണ് ബെസ്‌റ്റെന്ന് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ വിധിയെഴുതി. 

നോ ഡീല്‍ ബ്രക്‌സിറ്റിന് എതിരെ ലേബര്‍ പാര്‍ട്ടിക്കൊപ്പം വോട്ട് ചെയ്ത 21 ടോറി എംപിമാരെ പുറത്താക്കാനുള്ള ബോറിസിന്റെ തീരുമാനത്തിനും ജനകീയ പിന്തുണയുണ്ട്. എന്‍എച്ച്എസിലും ബോറിസിന് പിന്തുണയേറുന്നുവെന്ന സൂചനയും സര്‍വ്വെ നല്‍കുന്നു. പൊതുവെ ഹെല്‍ത്ത് സര്‍വ്വീസ് ലേബര്‍ ഭാഗത്തേക്ക് ചാഞ്ഞുനില്‍ക്കുന്നതായിരുന്നു കാഴ്ചയെങ്കില്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് വിശ്വാസം ബോറിസിനെ ആണെന്നത് കോര്‍ബിനെ ഞെട്ടിക്കാന്‍ പോന്ന വസ്തുതയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.