CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 7 Minutes 15 Seconds Ago
Breaking Now

തോക്കെടുത്തവന്‍ തോക്കാല്‍! ലണ്ടനിലെ അക്രമ പരമ്പരയില്‍ പ്രതിയോഗികളെ അക്രമിക്കാനെത്തിയ യുവാവ് സ്വയം വെടിയേറ്റ് മരിച്ചു; രക്ഷപ്പെടുത്താന്‍ പോലും ശ്രമിക്കാതെ കൂട്ടാളികള്‍ ഓടിരക്ഷപ്പെട്ടു

കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്

വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നത് വെറുതയെല്ല, ഇപ്പോള്‍ കാലം മാറിയത് കൊണ്ട് വാളിന് പകരം യുവാക്കള്‍ തോക്കുമായി വരെ വിലസുകയാണ്. വാളായാലും, തോക്കായാലും ആളുകള്‍ക്കെതിരെ ഇത് പ്രയോഗിക്കുന്നവന് സ്വയം പണികിട്ടുമെന്ന് സാരം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെച്ച് കൊണ്ടാണ് ലണ്ടനിലെ തെരുവില്‍ 20-കളില്‍ പ്രായമുള്ള അക്രമി സ്വന്തം തോക്കില്‍ നിന്നുള്ള വെടിയുണ്ട ഏറ്റ് മരിച്ചുവീണത്. കൂട്ടുകാരനെ രക്ഷിക്കാന്‍ പോലും നില്‍ക്കാതെ കൂട്ടാളികള്‍ ഓടിരക്ഷപ്പെട്ടു. 

ഇന്നലെ വൈകുന്നേരം 3.45-ഓടെയാണ് സൈഡെന്‍ഹാം റോഡില്‍ ദുരൂഹമായ സംഭവങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ച് പോലീസ് സ്ഥലത്തെത്തിയത്. വെടിയൊച്ച കേട്ടതിനാല്‍ ഫയര്‍ആംസ് ഓഫീസര്‍മാരും കുതിച്ചെത്തി. എന്നാല്‍ സ്ഥലത്തെത്തിയ പാരാമെഡിക്കുകളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് അഞ്ച് മിനിറ്റിനുള്ളില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്. എങ്ങിനെ അബദ്ധം സംഭവിച്ചുവെന്നതിന് വ്യത്യസ്തമായ വിവരങ്ങളാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്നത്. ലോയ്ഡ്‌സ് ബാങ്കിന് പുറത്ത് കാറില്‍ ഇരിക്കുകയായിരുന്ന ഒരു കൂട്ടം യുവാക്കള്‍ക്ക് നേരെയാണ് അക്രമി തോക്കുമായി എത്തിയതെന്ന് ഒരു കടക്കാരന്‍ പറഞ്ഞു. യുവാക്കള്‍ കാറില്‍ നിന്നും ഇറങ്ങി ഓടിയതോടെ കാര്‍ കേടുവരുത്താന്‍ തുനിഞ്ഞ അക്രമി തോക്കിന്റെ പിന്‍ഭാഗം കൊണ്ട് വിന്‍ഡ്ഷീല്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് വെടിപൊട്ടിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. 

വെടിയേറ്റ് വീണ സുഹൃത്തിന് അടുത്തെത്തിയ കൂട്ടാളി വിവരം മുഖംമറച്ച മറ്റ് രണ്ട് പേര്‍ക്ക് കൈമാറുകയും സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. എന്നാല്‍ വെടിയുതിര്‍ത്തപ്പോള്‍ കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ തട്ടി തെറിച്ച വെടിയുണ്ടയാണ് യുവാവിന്റെ ജീവെടുത്തതെന്ന് മറ്റൊരു സ്ത്രീയും പറയുന്നു. അക്രമസംഭവങ്ങള്‍ പതിവാകുന്ന അവസ്ഥയില്‍ 20,000 പോലീസ് ഓഫീസര്‍മാരെ പുതിയതായി നിയോഗിക്കാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 




കൂടുതല്‍വാര്‍ത്തകള്‍.