വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ (WMA) സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14, ശനിയാഴ്ച സ്വിന്‍ഡണില്‍ അരങ്ങേറും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നീളുന്ന ആഘോഷ പരിപാടികള്‍ക്ക് സ്വിന്‍ഡണ്‍ അക്കാഡമി ആതിഥ്യം അരുളും.
പൊന്നോണം ആഘോഷമാക്കാന്‍ ഡബ്യുഎംഎ അംഗങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ കലാ-കായിക മത്സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. വടംവലി, പഞ്ചഗുസ്തി, മിഠായി പെറുക്കല്‍, കസേരകളി, കര-കുളം തുടങ്ങിയ ഇന്‍ഡോര്‍ മത്സരങ്ങള്‍ക്കൊപ്പം വേദിയില്‍ പൂക്കള മത്സരവും അരങ്ങേറും.
എല്ലാ പ്രായവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ആഘോഷങ്ങളിലും, പരിപാടികളും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഡബ്യുഎംഎ ഓണാഘോഷങ്ങളില്‍ ഡോ. അജിമോള്‍ പ്രദീപ് മുഖ്യാതിഥിയാകും. ഓണാഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ യത്‌നിച്ച വാസുകി വഹീശന്‍, ജൂലിയ ജോര്‍ജ്ജ്, അലിന സജി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഡബ്യുഎംഎ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ജിബു ജോര്‍ജ്ജ്, ജോബി ജോസ്, ജോര്‍ജ്ജ് കുര്യാക്കോസ് എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. ഡബ്യുഎംഎ അക്കാഡമിക്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ജിസിഎസ്ഇ 2019-ല്‍ മികച്ച നേട്ടം കൊയ്ത മേഘാ ജോര്‍ജ്ജിനും, എ ലെവല്‍ 2019-ലെ നേട്ടത്തിന് ആല്‍വിന്‍ സജിക്കും നല്‍കും.
ഡബ്യുഎംഎയുടെ ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിജി വിക്ടര്‍, സെക്രട്ടറി മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത: രാജേഷ് നടേപ്പിള്ളി (പിആര്‍ഒ)