CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 51 Minutes 11 Seconds Ago
Breaking Now

50 രൂപ വീതം പിരിവിട്ട് ടിക്കറ്റെടുത്തു, 12 കോടി തേടിയെത്തി; ഇക്കുറി തിരുവോണം ബമ്പര്‍ കടാക്ഷിച്ചത് ജ്വല്ലറി ജീവനക്കാരായ 6 പേരെ

സമ്മാനം കിട്ടിയ വാര്‍ത്ത ഇപ്പോഴും ഇവര്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല

ഒത്തുപിടിച്ചാല്‍ മലയും പോരും എന്നാണ് പഴമൊഴി. ഒരുമിച്ച് നിന്നാല്‍ തിരുവോണം ബംപറും പോരും എന്നതാണ് പുതുമൊഴി. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുമായി വിറ്റഴിച്ച തിരുവോണം ബംപറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ഇക്കുറി തേടിയെത്തിയത് കൊല്ലം ജില്ലയിലെ ജ്വല്ലറി ജീവനക്കാരായ ആറ് പേരെ!

ഇവര്‍ പങ്കിട്ട് എടുത്ത ടിക്കറ്റിനാണ് ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ടിഎം 160869 എന്ന നമ്പറിനാണ് ഈ സമ്മാനം. സമ്മാനാര്‍ഹമായ ടിക്കറ്റ് കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ഷോറൂമിലെ റോണി, സുബിന്‍ തോമസ്, രാംജിന്‍, രാജീവന്‍, രതീഷ്, വിവേക് എന്നിവരാണ് വാങ്ങിയത്. 

മുന്‍പും പണം പിരിവിട്ട് ലോട്ടറി ടിക്കറ്റെടുക്കുന്ന പതിവുണ്ടായിരുന്ന ഇവര്‍ ഇക്കുറിയും പതിവ് ആവര്‍ത്തിച്ചു. ഭാഗ്യദേവത ആ കൂട്ടുകാരെ കടാക്ഷിക്കുകയും ചെയ്തു. സമ്മാനം കിട്ടിയ വാര്‍ത്ത ഇപ്പോഴും ഇവര്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യം ഇതൊന്ന് മനസ്സിലാക്കിയ ശേഷം വേണം പണം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍, സുബിന്‍ തോമസ് പറഞ്ഞു. 

50 രൂപ വീതം പിരിവിട്ടാണ് 300 രൂപയുടെ ടിക്കറ്റ് വാങ്ങിയത്. ആലപ്പുഴയിലെ ശ്രീമുരുക ലോട്ടറി ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ ബംപറില്‍ ഇക്കുറി 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വിറ്റുവരിലൂടെ സംസ്ഥാന സര്‍ക്കാരിന് വമ്പന്‍ വരുമാനമാണ് ലഭിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.