CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 15 Seconds Ago
Breaking Now

സീറോ മലബാര്‍ മെത്രാന്മാരുടെ 'ആദ് ലിമിന' സന്ദര്‍ശനം റോമില്‍ ആരംഭിച്ചു

റോം: കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ റോമിലെത്തി സഭയുടെ നെടുംതൂണുകളായ വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരുടെ പുണ്യകുടീരങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും വി. പത്രോസിന്റെ പിന്‍ഗാമിയും സഭയുടെ പരമാധ്യക്ഷനുമായ മാര്‍പാപ്പയെ സന്ദര്‍ശിച്ചു തങ്ങളുടെ രൂപതകളുടെ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന 'ആഡ് ലിമിന' സന്ദര്‍ശനത്തിനായി സീറോ മലബാര്‍ രൂപതയിലെ എല്ലാ മെത്രാന്മാരും ഇപ്പോള്‍ റോമില്‍ എത്തിയിരിക്കുന്നു. 'ആദ് ലിമിന അപ്പോസ്‌തോലോരും' (അപ്പസ്‌തോലന്മാരുടെ പുണ്യകുടീരങ്ങളുടെ വാതില്‍ക്കല്‍ വരെ) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ സന്ദര്‍ശനത്തില്‍ എല്ലാ രൂപതകളിലെയും ഔദ്യോഗിക ചുമതലയുള്ള മെത്രാന്മാരും സഹായ മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്.

സീറോ മലബാര്‍ മെത്രാന്മാര്‍ ഒരുമിച്ചു നടത്തുന്ന ഈ സന്ദര്‍ശനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ 51 മെത്രാന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഒക്ടോബര് മൂന്നിന് ആരംഭിച്ച് പതിനഞ്ചിന് സന്ദര്‍ശനം ഔദ്യോഗികമായി സമാപിക്കും. സന്ദര്‍ശനനത്തിന്റെ പ്രാരംഭമായി വി. പത്രോസിന്റെ കബറിടത്തോട് ചേര്‍ന്നുള്ള ചാപ്പലില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ മെത്രാന്മാര്‍ വി. ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. വി. കുബാനയ്ക്കുശേഷം മെത്രാമാര്‍ ഒരുമിച്ചു വി. പത്രോസിന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുകയും മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്തു. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെത്രാന്മാര്‍ പൊതുവായും രൂപതാടിസ്ഥാനത്തിലും പരി. മാര്‍പാപ്പയെ സന്ദര്‍ശിച്ചു സംസാരിക്കുകയും തങ്ങളുടെ രൂപതകളുടെ വിവരങ്ങള്‍ ധരിപ്പിക്കുകയും വത്തിക്കാന്‍ കൂരിയയിലെ 16 കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്യും. കേരളത്തില്‍ നിന്നുള്ള ലത്തീന്‍, സീറോ മലങ്കര സഭകളിലെ മെത്രാന്മാരുടെ ആദ് ലിമിന സന്ദര്‍ശനം കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.  

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പരി. ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ടുകണ്ടു മൂന്നു വര്‍ഷം പ്രായമായ രൂപതയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അദ്ദേഹം കൈമാറും. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആദ്യ 'ആദ് ലിമിന' സന്ദര്‍ശനമാണിത്. 

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 




കൂടുതല്‍വാര്‍ത്തകള്‍.