CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 1 Minutes 35 Seconds Ago
Breaking Now

വിക്കറ്റിന് പിന്നില്‍ സ്വാഹയാക്കാതെ സൂപ്പറാക്കി സാഹ; വിമര്‍ശിക്കാന്‍ വാക്കുകളില്ലാതെ വായടച്ച് വിമര്‍ശകര്‍; നന്ദി അറിയിച്ച് ബൗളര്‍മാര്‍

പൂനെയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന രണ്ടാം ടെസ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഒരുവട്ടം പോലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാത്ത സാഹയെ ആരാധകര്‍ 'സൂപ്പര്‍മാന്‍ സാഹ' എന്നുവിശേഷിപ്പിച്ചു.

ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കാക്കാന്‍ ഇനി മറ്റൊരു കീപ്പറെ തേടേണ്ട. ആ പദവി സിമന്റിട്ട് ഉറപ്പിച്ചിരിക്കുകയാണ് വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ. പൂനെയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന രണ്ടാം ടെസ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഒരുവട്ടം പോലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാത്ത സാഹയെ ആരാധകര്‍ 'സൂപ്പര്‍മാന്‍ സാഹ' എന്നുവിശേഷിപ്പിച്ചു. 

കരിയറിലെ ഏറ്റവും മികച്ച സ്‌കോറായ 254 അടിച്ചുകൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മത്സരത്തിലെ കേമനായപ്പോള്‍, ആറ് വിക്കറ്റ് വീതം വീഴ്ത്തി ഉമേഷ് യാദവും, രവിചന്ദ്രന്‍ അശ്വിനും മികച്ച ബൗളിംഗ് പ്രകടനവും കാഴ്ചവെച്ചു. എന്നിട്ടും ബാറ്റ് ചെയ്യാന്‍ പോലും സാധിക്കാതിരുന്നിട്ടും വിക്കറ്റിന് പിന്നില്‍ നടത്തിയ പ്രകടനത്തിലൂടെ കീപ്പർ കൈയടി കരസ്ഥമാക്കി. 

അഞ്ച് പുറത്താക്കലുകള്‍ക്ക് മാത്രമാണ് കാരണമായതെങ്കിലും ആ കരങ്ങളെ വിശ്വസിച്ച് പന്തെറിഞ്ഞെന്നാണ് നേട്ടം കൊയ്ത ബൗളര്‍മാര്‍ സ്ഥിരീകരിക്കുന്നത്. 'ചുറ്റുമുള്ള നല്ല കാര്യങ്ങളില്‍ ഒന്ന് സാഹയായിരുന്നുവെന്ന് പറയാന്‍ ഒരുപാട് ചിന്തിക്കേണ്ട. അദ്ദേഹം എന്തെങ്കിലും നഷ്ടപ്പെടുത്തുന്നത് കണ്ടില്ല', അശ്വിന്‍ മത്സരത്തിന് ശേഷം പ്രതികരിച്ചു. 

ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ച് നില്‍ക്കുമ്പോഴാണ് പരുക്ക് സാഹയ്ക്ക് പാരയായത്. 18 മാസത്തോളം ഇതിന്റെ പേരില്‍ പുറത്തിരുന്ന ശേഷം വിന്‍ഡീസ് പര്യടനത്തില്‍ തിരിച്ചെത്തിയെങ്കിലും ഋഷഭ് പന്ത് കീപ്പറായി ഇറങ്ങിയപ്പോള്‍ ബെഞ്ചിലായിരുന്നു സാഹയുടെ സ്ഥാനം. മികച്ച പ്രകടനം നടത്താതെ പന്ത് മങ്ങിയതോടെ സാഹയ്ക്ക് അനുഭവസമ്പത്ത് പിന്തുണയായി. 

ഇടത് വശത്ത് പന്തെറിഞ്ഞാല്‍ ബൗണ്ടറി ഉറപ്പാണെങ്കിലും ഒരു അവസരം കിട്ടിയാല്‍ സാഹ അത് ക്യാച്ചാക്കി മാറ്റുമെന്നാണ് ഉമേഷ് യാദവ് നന്ദി അറിയിച്ച് പറഞ്ഞ വാക്കുകള്‍. ടെസ്റ്റില്‍ സാഹയ്ക്ക് സ്ഥിരമായി അവസരം ലഭിക്കുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി, ബാറ്റിംഗില്‍ കൂടി സ്ഥിരത പ്രകടമാക്കിയാല്‍ സൂപ്പര്‍മാന്‍ സാഹ കൂടുതല്‍ മത്സരങ്ങളില്‍ വിക്കറ്റ് കാക്കും!

 

 

 




കൂടുതല്‍വാര്‍ത്തകള്‍.