CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 53 Seconds Ago
Breaking Now

വെള്ളക്കാരായ നഴ്‌സും, ഡോക്ടറും വേണമെന്ന് വാശിപിടിച്ചാല്‍ പറ്റില്ലെന്ന് പറയാന്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചങ്കൂറ്റം കാണിക്കണം; എന്‍എച്ച്എസിലെ കടുത്ത വംശീയതയോട് സഹിഷ്ണുത വേണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി; വംശീയ അക്രമങ്ങളില്‍ 145% വര്‍ദ്ധന

എന്‍എച്ച്എസില്‍ ഇത്രയുമധികം ജീവനക്കാര്‍ വംശീയവെറിക്ക് ഇരയാകുന്നുവെന്നത് ഞെട്ടിക്കുന്ന അവസ്ഥയാണെന്ന് മാറ്റ് ഹാന്‍കോക്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമങ്ങളുടെ തോത് മൂന്നിരട്ടി വര്‍ദ്ധിച്ചിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ വംശീയതയ്ക്ക് എതിരെ യാതൊരു സഹിഷ്ണുതയും പുലര്‍ത്തേണ്ടെന്ന് വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും കത്തയച്ചു. 

തങ്ങളെ വെളുത്ത എന്‍എച്ച്എസ് ജീവനക്കാര്‍ ചികിത്സിച്ചാല്‍ മതിയെന്ന് വാശിപിടിക്കുന്ന രോഗികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കരുതെന്ന് മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. ഇത്തരം ആവശ്യങ്ങളോട് ഇല്ലെന്ന നിലപാട് പുലര്‍ത്തണം, ഇതിന് മാനേജ്‌മെന്റിന്റെ പിന്തുണയും നല്‍കണം, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നടക്കുന്ന വാക്കുകള്‍ കൊണ്ടും, ശാരീരികവുമായ വംശീയ അതിക്രമങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ട് 145% വര്‍ദ്ധിച്ചെന്ന് ഐടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എന്‍എച്ച്എസില്‍ ഇത്രയുമധികം ജീവനക്കാര്‍ വംശീയവെറിക്ക് ഇരയാകുന്നുവെന്നത് ഞെട്ടിക്കുന്ന അവസ്ഥയാണെന്ന് മാറ്റ് ഹാന്‍കോക് കത്തില്‍ പറഞ്ഞു. ഐടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. രാധാകൃഷ്ണ ഷാന്‍ബാഗ് താന്‍ നേരിട്ട അപമാനങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ കരഞ്ഞ് പോയിരുന്നു. ഈ വിവരവും ഹാന്‍കോക് തന്റെ കത്തില്‍ ചൂണ്ടിക്കാണിച്ചു. 

12 വയസ്സുള്ള മകള്‍ ഉള്ളത് കൊണ്ടാണ് എന്‍എച്ച്എസിലെ ജോലി ഉപേക്ഷിക്കാത്തതെന്ന് ഷാന്‍ബാഗ് പറഞ്ഞു. വെള്ളക്കാരായ ഡോക്ടറില്ലെങ്കില്‍ രോഗികളെ മടക്കി അയയ്ക്കുന്ന രീതി തന്നെ ഉപയോഗശൂന്യനായ വ്യക്തിയെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 

20 വര്‍ഷത്തോളം എന്‍എച്ച്എസിന് വേണ്ടി ജീവിതം ചെലവഴിച്ച ഒരു അധ്വാനിക്കുന്ന ഡോക്ടര്‍ക്ക് ഇത്തരമൊരു അനുഭവം നേരിട്ടത് ഞെട്ടിക്കുന്ന അവസ്ഥയാണെന്ന് ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. വംശീയമായ പെരുമാറ്റങ്ങള്‍ അനുവദനീയമല്ലെന്ന ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.