CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 43 Seconds Ago
Breaking Now

എന്‍എച്ച്എസ് മുന്‍ മെഡിക്കല്‍ സെക്രട്ടറിക്കും അവഗണന; ഡിമെന്‍ഷ്യ ബാധിതയായ 88-കാരി എ&ഇയില്‍ ആറ് മണിക്കൂര്‍ ആരും നോക്കാനില്ലാതെ ട്രോളിയില്‍ കിടന്നു; കുടുംബത്തിന് രോഷം

സംഭവത്തില്‍ ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ട്രസ്റ്റ് ഖേദം പ്രകടിപ്പിച്ചു

എന്‍എച്ച്എസിലെ പ്രവര്‍ത്തനസമ്മര്‍ദം നാട്ടില്‍ അറിയാത്തവര്‍ ആരുമില്ല. എന്നാല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്ത് വിരമിച്ച ഡിമെന്‍ഷ്യ ബാധിതയായ രോഗിയെ ആറ് മണിക്കൂറോളം ആരും നോക്കാനില്ലാതെ എ&ഇയില്‍ ട്രോളിയില്‍ കിടത്തിയപ്പോള്‍ കുടുംബത്തിന് ആ കാഴ്ച അസഹനീയമായിരുന്നു. മുന്‍ മെഡിക്കല്‍ സെക്രട്ടറി കൂടിയായ 88-കാരി ജില്‍ വൂളിയ്ക്ക് ജൂണ്‍ മാസത്തിലാണ് ഡിമെന്‍ഷ്യ ഉള്ളതായി സ്ഥിരീകരിച്ചത്. 

ഇതിന് ശേഷം ഇവരുടെ ആരോഗ്യ നില താഴേക്ക് പോകുന്നത് ബന്ധുക്കള്‍ സാക്ഷികളായി. എന്നാല്‍ തിങ്കളാഴ്ച മരുന്നുകള്‍ കഴിച്ചതിന് ശേഷമുള്ള അമ്മയുടെ പ്രതികരണങ്ങള്‍ മകളെ ആശങ്കാകുലയാക്കി. നോട്ടിംഗ്ഹാംഷയര്‍ നട്ട്ഹാളില്‍ നിന്നുള്ള സമാന്ത ടക്ക് ജിപിയുടെ ഉപദേശം തേടിയെങ്കിലും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാനാണ് മറുപടി കിട്ടിയത്. 

ബോധം ഉണരുകയും, മറയുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു ജില്‍. നോട്ടിംഗ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ എത്തിച്ച ഇവരെ ആറ് മണിക്കൂറോളം എ&ഇ ഇടനാഴിയില്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഇതിന് ശേഷമാണ് ചെറിയ തോതിലുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ രൂപപ്പെട്ടത് മൂലമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും കഴിച്ച മരുന്നുകള്‍ അനുയോജ്യമായിരുന്നില്ലെന്നും ഡോക്ടര്‍ കണ്ടെത്തിയത്. 

ഡിമെന്‍ഷ്യ ബാധിച്ച അമ്മയ്ക്ക് താന്‍ ഒപ്പമുണ്ടായത് കൊണ്ട് രക്ഷപ്പെട്ടു. ഇതൊന്നുമില്ലാത്ത ആയിരങ്ങളുടെ അവസ്ഥ എന്താകും, മകള്‍ ചോദിക്കുന്നു. ഒരു ജിപിയോ, നഴ്‌സോ വന്ന് പരിശോധിച്ചാല്‍ മനസ്സിലാകുന്ന കാര്യത്തിനാണ് പാരാമെഡിക്കുകളെ വിളിച്ചുവരുത്തി ആറ് മണിക്കൂര്‍ എ&ഇയില്‍ കാത്തുകിടന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. ബില്‍ബറോ മെഡിക്കല്‍ സെന്ററിലാണ് കുടുംബം ജിപിയുടെ സഹായം തേടിയത്. രാവിലെ 9.30ന് വിളിച്ച് വിവരം അറിയിച്ചിട്ടും ഉച്ചയ്ക്ക് ജില്ലിന്റെ ബോധം മറയുമ്പോഴും മറുപടി ലഭിച്ചില്ല. 

സംഭവത്തില്‍ ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ട്രസ്റ്റ് ഖേദം പ്രകടിപ്പിച്ചു. തിരക്കും, സമ്മര്‍ദവും മൂലമാണ് ഇത് സംഭവിച്ചതെന്നാണ് വക്താവിന്റെ വിശദീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.