CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 9 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള പ്രതാപം വീണ്ടെടുത്ത് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍......... യോര്‍ക്‌ഷെയര്‍, സൗത്ത് വെസ്റ്റ് റീജിയണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍........... അസോസിയേഷന്‍ വിഭാഗത്തില്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി.......... ദേവനന്ദ കലാതിലകം, ടോണി അലോഷ്യസ് കലാപ്രതിഭ.......... കൊടിയിറങ്ങിയത് യുക്മയുടെ ചരിത്രത്തിലെ പ്രൗഢമായ ദേശീയ മേളകളില്‍ ഒന്നിന്

യുക്മ ദേശീയ കലാമേളക്ക് ഗംഭീര പരിസമാപ്തി. മാഞ്ചസ്റ്ററിന്റെ മണ്ണില്‍ ആദ്യമായെത്തിയ ദേശീയ മേള ചരിത്രത്തിലേക്ക് നടന്നു കയറിയത് ഒരുപിടി മനോഹര ഓര്‍മ്മകള്‍ ബാക്കി വച്ചുകൊണ്ടാണ്. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്‍ പട്ടം തിരികെ പിടിച്ചു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ യോര്‍ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ ഫസ്റ്റ് റണ്ണര്‍അപ്പും സൗത്ത് വെസ്റ്റ് റീജിയണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

രാജ്യത്തിന്റെ നാഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം യു കെ മലയാളികളാണ് മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് സ്‌കൂളില്‍ അണിയിച്ചൊരുക്കിയ 'ശ്രീദേവി നഗറി'ലേക്ക് വന്നെത്തിയത്. മുന്‍ കേരളാ ചീഫ് സെക്രട്ടറിയും  മലയാള ചലച്ചിത്ര ഗാനരചയിതാക്കളില്‍ പ്രമുഖനുമായ കെ ജയകുമാര്‍ ഐ എ എസ് കലാമേളയ്ക്ക്  തിരിതെളിയിച്ചു. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍, ഇവന്റ് ഓര്‍ഗനൈസര്‍ ഷീജാ വര്‍ഗ്ഗീസ് തുടങ്ങി യുക്മ ദേശീയ  റീജിയണല്‍ നേതാക്കള്‍ സന്നിഹിതരായിരുന്നു. യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍  അഡ്വ.എബി സെബാസ്റ്റ്യന്‍ യോഗത്തിന് നന്ദി അര്‍പ്പിച്ചു

തുടര്‍ന്ന് നേരം പുലരുവോളം 5 സ്റ്റേജുകളിലായി നടന്ന വിവിധ കലാ മത്സരങ്ങളില്‍ അസോസിയേഷന്‍ വിഭാഗത്തില്‍ ഈസ്റ്റ് യോര്‍ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ഹള്‍), മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നിവരെ പിന്നിലാക്കി ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ചാമ്പ്യന്മാരായി. കലാതിലകം, കലാപ്രതിഭ അവാര്‍ഡുകള്‍ കരസ്ഥമാക്കികൊണ്ട് ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ചരിത്രനേട്ടം കൈവരിച്ചു. ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷനിലെ ടോണി അലോഷ്യസ് കലാതിലകം ആയപ്പോള്‍, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ് എന്ന കൊച്ചു മിടുക്കി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇവാ മരിയ കുര്യാക്കോസ് നാട്യമയൂരം അവാര്‍ഡും, സൈറ ജിജോ ഭാഷാകേസരി അവാര്‍ഡും സ്വന്തമാക്കി. ദേവനന്ദ, ഇവാ മരിയ, ടോണി എന്നിവര്‍ തങ്ങളുടെ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയപ്പോള്‍, സീനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യനായി അനുചന്ദ്ര ചന്ദ്രകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 

 

രാവിലെ 8:45 ന് രജിസ്‌ട്രേഷന്‍ തുടങ്ങുവാന്‍ കഴിഞ്ഞതും, കൃത്യം പത്തുമണിക്ക് തന്നെ അഞ്ച് വേദികളിലും മത്സരങ്ങള്‍ ആരംഭിക്കാനായതും കൃത്യമായ പ്ലാനിംഗിന്റെയും സംഘാടക മികവിന്റെയും എടുത്തുപറയേണ്ടുന്ന നേട്ടമായി. യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, മുന്‍ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍, മുന്‍ പ്രസിഡന്റ് കെ.പി.വിജി, ദേശീയ വനിതാ നേതാക്കളായ ലിറ്റി ജിജോ, സലീന സജീവ്, കലാമേള ഇവന്റ് ഓര്‍ഗനൈസര്‍ ഷീജോ വര്‍ഗീസ് തുടങ്ങിയവര്‍ ദേശീയ പ്രസിഡന്റ്, ദേശീയ സെക്രട്ടറി, കലാമേള കണ്‍വീനര്‍ എന്നിവര്‍ക്കൊപ്പം തോളോട് തോള്‍ചേര്‍ന്ന് കുറ്റമറ്റവിധം പരിപാടികള്‍ വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് എന്നിവര്‍ രജിസ്‌ട്രേഷന്‍ ചുമതലകള്‍ നിയന്ത്രിച്ചു. 

 

സദസ്സിനെ ധന്യമാക്കിയ സരസ്വതീ വചസ്സുമായി കെ ജയകുമാര്‍ ഐ എ എസ് 

 

യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തില്‍ ഇത്രയും ധന്യമായ ഒരു ഉദ്ഘാടന വേദി ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. കലയെയും സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള ഉദ്ഘാടകന്റെ ഓരോ വാക്കുകളും ഒരു പ്രാര്‍ത്ഥനപോലെ സദസ്യരുടെ മനസ്സുകളെ ധന്യമാക്കുകയായിരുന്നു. ഹര്‍ഷാരവങ്ങളോടെ ആയിരുന്നു നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയം ജയകുമാര്‍ സാറിന്റെ സൗമ്യ ദീപ്തമായ പ്രസംഗം നെഞ്ചിലേറ്റിയത്.

 

ജെ എം പി സോഫ്റ്റ്‌വെയര്‍ സാങ്കേതിക മികവിന്റെ വിജയം 

 

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന JMP സോഫ്റ്റ്‌വെയര്‍ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക മികവിന്റെ വിജയം കൂടിയാണ് പത്താമത് യുക്മ ദേശീയ കലാമേള. കഴിഞ്ഞ വര്‍ഷം  പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയകരമെന്ന് തെളിയിച്ച ഡിജിറ്റല്‍ കലാമേള സോഫ്റ്റ്‌വെയര്‍, ആവശ്യമായ മാറ്റങ്ങളോടെ പൂര്‍ണ്ണമായി കുറ്റമറ്റ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞത് 2019 ലെ കലാമേളയുടെ ഒരു വലിയ വിജയ കാരണമായി. എട്ട് റീജിയണല്‍ കലാമേളകളിലും ദേശീയ കലാമേളയിലും ഈ സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിച്ചത്. യുക്മയുടെ സഹയാത്രികനും, സൗത്ത് ഈസ്റ്റ് റീജിയന്റെ മുന്‍ സെക്രട്ടറിയുമായ ജോസ് പി എം വര്‍ഷങ്ങളായി നടത്തിവരുന്ന JMPsoftware.co.uk എന്ന സ്ഥാപനം  നേഴ്‌സിംഗ് ഏജന്‍സികളുടെ റോട്ട മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകള്‍ ആണ് പ്രധാനമായും ഡെവലപ് ചെയ്യുന്നത്.   

ഉദ്ഘാടകന്റെ ആദരവ് നേടിയെടുത്ത അവതാരകര്‍

പത്താമത് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന  സമാപന വേദികള്‍ കഴിവ് തെളിയിച്ച അവതാരകര്‍ ആണ് കൈകാര്യം ചെയ്തത്. മാഞ്ചസ്റ്ററില്‍നിന്നുള്ള സീമാ സൈമണ്‍, നോര്‍ത്താംപ്റ്റണില്‍നിന്നുള്ള നടാഷ സാം എന്നീ അവതാരകര്‍ സദസ്സിനെ അനായാസം കയ്യിലെടുത്ത പ്രകടനമാണ് നടത്തിയത്. സ്വരശുദ്ധമായും അനര്‍ഗ്ഗളമായും മലയാള ഭാഷയില്‍ത്തന്നെ അവതരണം നടത്തിയ അവതാകരെ കലാമേള ഉദ്ഘാടകനായ കെ ജയകുമാര്‍  പ്രത്യേകം അഭിനന്ദിച്ചു. 

 

യുക്മ ദേശീയ കലാമേള  2019 ന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരു വിഭാഗം ലൈറ്റ് & സൗണ്ട് എഞ്ചിനീയേഴ്‌സാണ്. ഇദംപ്രദമമായി അവാര്‍ഡ് നൈറ്റുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ എല്‍.ഇ.ഡി സ്‌ക്രീനിന്റെ സഹായത്തോടെ ദൃശ്യ ശബ്ദവിസ്മയമൊരുക്കി ഗ്രേസ്  ഹാംപ്‌ഷെയറിന്റെ ഉണ്ണികൃഷ്ണന്‍ നായര്‍ പ്രധാന സ്റ്റേജ് കൈകാര്യം ചെയ്തപ്പോള്‍ റെക്‌സ് ബാന്റിന്റെ റെക്‌സ് ജോസ്, ജെ.ജെ. ഓഡിയോസിന്റെ ജോജോ തോമസ്, എന്നിവര്‍ മറ്റ് 4 സ്റ്റേജുകളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.

സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള സ്‌പൈസ് ഹട്ട് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം കലാമേള നഗറില്‍ വിതരണം ചെയ്തു. മഗ്‌നാവിഷന്‍ ടി വി ലൈവ് ആയി കലാമേള സംപ്രേക്ഷണം ചെയ്തിരുന്നു.

 

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി ആയിരക്കണക്കിന് മലയാളി കലാപ്രേമികളും യുക്മ സ്‌നേഹികളുമാണ് 'ശ്രീദേവി നഗറി'ലേക്ക് ഒഴുകിയെത്തിയത്. പ്രതികൂല കാലാവസ്ഥയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുക എന്ന അതിജീവന മന്ത്രം യുക്മ ദേശീയ കലാമേളയില്‍ അക്ഷരംപ്രതി അര്‍ത്ഥവത്താകുകയായിരുന്നു. യുക്മ ന്യൂസ് ടീം,  യുക്മയുടെ പോഷക സംഘടനകളായ സാംസ്‌കാരിക സമിതി, നഴ്‌സസ് ഫോറം, കലാമേളയുടെ സ്റ്റേജുകള്‍ കൈകാര്യം ചെയ്ത സ്റ്റേജ് മാനേജര്‍മാര്‍, ഓഫീസ് കൈകാര്യം ചെയ്തവര്‍, റീജിയണല്‍ അസാേസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടുന്ന വാളണ്ടിയേഴ്‌സ് തുടങ്ങി നൂറ് കണക്കിന് യുക്മ പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ വിജയം കൂടിയാണ് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറില്‍ കാണാന്‍ കഴിഞ്ഞത്.

 

  യുക്മ ദേശീയ നിര്‍വാഹക സമിതിയുടെയും നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെയും മാസങ്ങള്‍ നീണ്ട പ്രയത്‌നങ്ങളുടെ അഭിമാനകരമായ വിജയദിനം എന്ന് 2019 നവംബര്‍ രണ്ട് യുക്മയുടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് സമ്മാനദാനത്തോടെ ദേശീയ മേളക്ക് കൊടിയിറങ്ങിയപ്പോള്‍ അടുത്തവര്‍ഷം കാണാമെന്ന ആശംസകളോടെ, വിങ്ങുന്ന മനസ്സോടെ യുക്മയുടെ സൗഹൃദ പൂമുറ്റത്തുനിന്നും മടക്കയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. 

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 

 




കൂടുതല്‍വാര്‍ത്തകള്‍.