CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes 5 Seconds Ago
Breaking Now

സാലിസ്ബറിയില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് സീന ഷിബുവിന് യുകെ മലയാളികള്‍ കണ്ണീരോടെ യാത്രാമൊഴിയേകി

സാലിസ്ബറി മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു സീന ഷിബു.

പള്ളി നിറഞ്ഞു കവിഞ്ഞ യുകെ മലയാളി സമൂഹം കണ്ണീരോടെ സീന ഷിബുവിന് യാത്രയേകി. സാലിസ്ബറി സെന്റ് ഗ്രിഗറീസ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക് തുടങ്ങിയ ചടങ്ങില്‍ എത്തിയ ജനകൂട്ടം തന്നെ സീന എത്രത്തോളം ഏവര്‍ക്കും പ്രിയങ്കരിയാണെന്ന് തെളിയിക്കുന്നതായിരുന്നു. ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

സാലിസ്ബറി മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു സീന ഷിബു. യുക്മയുടെ ദീര്‍ഘകാലമായിട്ടുള്ള മത്സരങ്ങളിലും മറ്റും സജീവമായിരുന്ന സീന 2005ല്‍ യുകെയില്‍ എത്തിയത് മുതല്‍ സാലിസ്ബറി മലയാളി അസോസിയേഷനിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ വ്യക്തിയായിരുന്നു.

സൗത്താംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തെക്കുനില്‍ക്കുന്നലിന്റെയും സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ സജി നീണ്ടുരൂന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.

ക്‌നാനായ സമുദായാംഗമായിരുന്ന സീനയുടെ വേര്‍പാടില്‍ ക്‌നാനായ അംഗങ്ങള്‍ വേദനയോടെ പള്ളിയില്‍ ഒത്തുകൂടി.

ആശ്വസിപ്പിക്കാനെത്തുന്നവരെ ആശ്വാസ വാക്കുകള്‍ നല്‍കി ചിരിയോടെ ജീവിത തിരിച്ചടികള്‍ നേരിട്ട വ്യക്തിയായിരുന്നു നഴ്‌സു കൂടിയായിരുന്ന സീന.  മാതാപിതാക്കളും സ്‌നേഹനിധിയായ ഭര്‍ത്താവും നല്ല മക്കളും ഒക്കെയായി ഇത്രയും വര്‍ഷം സന്തോഷത്തോടെ ജീവിക്കാന്‍ തനിക്കായില്ലേ, അതു തന്നെ വലിയൊരു ദൈവാനുഗ്രഹമായി കരുതുന്നുവെന്നാണ് തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് സീന പറഞ്ഞിരുന്നത്.

രക്ത ബന്ധത്തേക്കാള്‍ വലിയ ബന്ധമായിരുന്നു സാലിസ്ബറി മലയാളികളുമായി പരേതയ്ക്കുണ്ടായിരുന്നത്. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് സീന ഷ്ിബു വിടവാങ്ങിയത്. ഈ വേര്‍പാട് അതിനാല്‍ തന്നെ കടുത്ത വേദനയാണ് ഏവരിലുമുണ്ടാക്കിയിരിക്കുന്നത്.

ക്യാന്‍സര്‍ ബാധിതയായിരുന്നപ്പോഴും ജീവിതത്തെ ചെറു പുഞ്ചിരിയോടെ നോക്കി കണ്ട തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ തേങ്ങുകയായിരുന്നു ചടങ്ങില്‍ പങ്കെടുത്ത ഓരോരുത്തരും.

സീനയുടെ വേര്‍പാടില്‍ ഒറ്റയ്ക്കായി നില്‍ക്കുന്ന ഭര്‍ത്താവ് ഷിബുവിനോടും മക്കളോടും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് അവിടെ കൂടിയ ഓരോരുത്തരും മനസു കൊണ്ട് പറയുന്നുണ്ടായിരുന്നു.

മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനേയും അഞ്ചുവയസുകാരന്‍ നീലിനെയും ചാരത്തു നിര്‍ത്തി തന്റെ പ്രിയ മാതാവിനെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവച്ചു. ഏവരുടേയും നെഞ്ചില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു ആ വാക്കുകള്‍.

തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ സഹോദരിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു. യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന് വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ് എന്നിവര്‍ അനുശോചനം അറിയിച്ചു. സാലിസ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍ , സെന്റ് പോള്‍ ക്‌നാനായ മിഷന്‍, സാലിസ്ബറി മലയാളി കമ്യൂണിറ്റി എന്നിവയുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. 

ചിത്രങ്ങൾ: രാജേഷ് നടേപ്പിള്ളി .ബെറ്റർ ഫെയിംസ് uk.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.