CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 23 Seconds Ago
Breaking Now

'ഹോളി ഫാമിലി ക്‌നാനായ മിഷന്‍' എഡിന്‍ബോറോയില്‍ ഉദ്ഘാടനം ചെയ്തു

സ്‌കോട്‌ലാന്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത്തെ ക്‌നാനായ മിഷന്‍ 'ഹോളി ഫാമിലി' എഡിബോറോയില്‍ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും എഡിന്‍ബൊറോ ആര്‍ച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍, മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. ജിന്‍സ് കണ്ടനാട്ട്, മറ്റു വൈദികര്‍, നിരവധി വിശ്വാസികള്‍ തുടങ്ങിയവര്‍ ചരിത്രനിമിഷങ്ങള്‍ക്കു സാക്ഷികളായി.

 

എഡിന്‍ബോറോയിലുള്ള ലിവിങ്സ്റ്റണ്‍ സെന്റ് ആന്‍ഡ്രൂസ് ദൈവാലയത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു. മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. ജിന്‍സ് കണ്ടനാട്ട് എല്ലാവര്ക്കും സ്വാഗതമാശംസിച്ചതിനെത്തുടര്‍ന്ന്, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ മെത്രാന്റെ ഡിക്രി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ വായിച്ചു. തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ ആശംസാപ്രസംഗത്തിനൊടുവില്‍ ഡിക്രി റെവ. ഫാ. ജിന്‍സ് കണ്ടനാട്ടിനു കൈമാറി. 

 

മൂന്നു മെത്രാന്മാര്‍ ഒരുമിച്ചു തിരി തെളിച്ചു മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചശേഷം നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികനായി. സ്‌കോട്‌ലന്‍ഡ് ആര്‍ച്ച്ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം നല്‍കി. നാമെല്ലാം ഒരേ ദൈവത്തിന്റെ മക്കളെന്ന നിലയിലും വി. തോമസും വി. ആന്‍ഡ്രൂവും അടങ്ങിയ ഒരേ അപ്പസ്‌തോലിക കുടുംബമെന്ന നിലയിലും ഇടവകയാകുന്ന പ്രാദേശിക കുടുംബത്തില്‍ ഒരുമിച്ചുവന്നു പ്രാര്‍ത്ഥിക്കുന്ന കുടുംബാങ്ങങ്ങളെന്ന നിലയിലും 'ഹോളി ഫാമിലി' എന്ന നാമം ഈ മിഷന് ഏറ്റവും അന്വര്‍ത്ഥമാണെന്ന് തിര്‍വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 

 

വി. കുര്‍ബാനയുടെ സമാപനത്തില്‍, മാര്‍ മാത്യു മൂലക്കാട്ട് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പുതിയ മിഷന്റെ ലോഗോ പ്രകാശനവും നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ മൂന്നു ക്‌നാനായ മിഷനുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ മുപ്പത്തിനാലു മിഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം തന്നെ എയില്‍സ്‌ഫോര്‍ഡ്, ലെസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, ലണ്ടന്‍, ബെര്‍മിംഗ്ഹാം(ക്‌നാനായ മിഷന്‍) എന്നിവയ്ക്ക് പിന്നാലെ, ആറാമത്തെ മിഷനായാണ് ഇന്നലെ എഡിന്‍ബറോ ക്‌നാനായ മിഷന്‍ പിറവിയെടുത്തത്. മിഷന്‍ ഉദ്ഘാടനത്തിന്റെ വിജയത്തിനായി ഡയറക്ടര്‍, റെവ. ഫാ. ജിന്‍സ് കണ്ടനാട്ടിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

 




കൂടുതല്‍വാര്‍ത്തകള്‍.