CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 17 Seconds Ago
Breaking Now

നേരമ്പോക്കിന് ഒരു ഫോട്ടോ എടുത്തു; കുടുങ്ങിയത് 46 കോടിയുടെ ആഡംബര കാറുകള്‍ മോഷ്ടിച്ച സംഘം; സൂപ്പര്‍സ്റ്റാറായി ഒരു സാധാരണക്കാരന്‍

ഫോട്ടോയില്‍ കുടുങ്ങിയത് കോടികള്‍ വിലയുള്ള കാറുകള്‍ അടിച്ചുമാറ്റുന്ന സംഘമായിരുന്നു.

ഒരു ഫോട്ടോ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? മൊബൈല്‍ ക്യാമറയും മറ്റും വ്യാപകമായതോടെ ആളുകള്‍ എപ്പോഴും ഫോട്ടോ എടുത്ത് വരുന്നതിനാല്‍ ഇതിന്റെ സവിശേഷത കുറഞ്ഞ് വരികയുമാണ്. എന്നാല്‍ ഒരു സാധാരണക്കാരന്‍ വെറുതെ നേരമ്പോക്കിന് എടുത്ത ഫോട്ടോ പോലീസിന് അത്യാവശ്യം വേണ്ടുന്ന തെളിവായി മാറി. ഫോട്ടോയില്‍ കുടുങ്ങിയത് കോടികള്‍ വിലയുള്ള കാറുകള്‍ അടിച്ചുമാറ്റുന്ന സംഘമായിരുന്നു. 

മോഷണസംഘം സംശയകരമായ രീതിയില്‍ പെരുമാറുന്നത് ശ്രദ്ധിച്ചാണ് വഴിപോക്കന്‍ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. 2015 മാര്‍ച്ച് മുതല്‍ 2017 മെയ് വരെയുള്ള കാലഘട്ടത്തില്‍ വെസ്റ്റ്മിഡ്‌ലാന്‍ഡ്‌സിലെ തെരുവില്‍ നിന്ന് 46 കോടിയോളം രൂപയുടെ ആഡംബര കാറുകളാണ് ഈ സംഘം പൊക്കിയത്. ബര്‍മിംഗ്ഹാമിലെ എര്‍ഡിംഗ്ടണില്‍ വെച്ചാണ് നാല് പേര്‍ സംശയകരമായി കാറില്‍ കയറുന്നത് വഴിപോക്കന്‍ ശ്രദ്ധിച്ച് ഫോട്ടോയെടുത്തത്. 

ഫോട്ടോ കൈയില്‍ കിട്ടിയ പോലീസ് മാസങ്ങളായി തിരയുന്ന സംഘത്തെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ജീവനക്കാരന്‍ സിക്കന്തര്‍ ഫാറൂഖ്, ഗാവിന്‍ ഹ്ലാഡ്കി, നതാന്‍ഡ സേമേഴ്‌സ്, അലിമാന്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. 'സംശയം തോന്നിയ നിമിഷം എടുത്ത ആ ഫോട്ടോ സുപ്രധാന തെളിവായി. ആ ചിത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ സംഘത്തെ പൊക്കുക ബുദ്ധിമുട്ടായിരിക്കും', പോലീസ് പറഞ്ഞു. 

കോടികള്‍ വിലയുള്ള കാറുകള്‍ മോഷ്ടിച്ച സംഘാംഗങ്ങള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. സാധാരണക്കാര്‍ക്ക് കുറ്റകൃത്യങ്ങള്‍ തടയാന്‍ എങ്ങിനെ കഴിയുമെന്ന ചോദ്യത്തിന് ഈ സംഭവം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയാണ് പോലീസ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.