CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 8 Seconds Ago
Breaking Now

ബഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ സാര്‍ പറഞ്ഞത്, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഷഹല പറഞ്ഞിട്ടും ഉപ്പ വന്നിട്ടാണ് കൊണ്ടുപോയത് ; സഹപാഠി വേദനയോടെ പറയുന്നു.

പാമ്പ് കടിച്ച സമയത്ത് ഷഹല തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞതായി ഷഹലയുടെ സഹപാഠികള്‍ വെളിപ്പെടുത്തി

ക്‌ളാസ് മുറിയില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്‌ളാസുകാരി ഷഹല ഷെറിന്‍ (10) മരിച്ച സംഭവത്തില്‍ വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കളക്ടറുടെ നിര്‍ദേശം. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണം. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പാമ്പ് കടിച്ച സമയത്ത് ഷഹല തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞതായി ഷഹലയുടെ സഹപാഠികള്‍ വെളിപ്പെടുത്തി. 'ഞങ്ങള്‍ക്കു ഷണ്‍മുഖന്‍ സാര്‍ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണു സാറിനെ വിളിക്കുന്നു എന്നാരോ വന്നു പറഞ്ഞത്. സാര്‍ അങ്ങോട്ടു പോയി. ഏതോ കുട്ടിയെ അട്ട കടിച്ചെന്നാണ് ആദ്യം കേട്ടത്. ഞങ്ങളു പോയി നോക്കി. ഒരു അട്ട കടിച്ചാല്‍ ഇത്രേം ചോര വരുമോയെന്നു ഞങ്ങളാലോചിച്ചു. അതിനിടെ ഷജില്‍ സാര്‍ ഞങ്ങളെ തിരിച്ചു ക്ലാസില്‍ കയറ്റി. അപ്പോഴും ഷഹലയുടെ കാലില്‍ നിന്നു ചോര വരുന്നുണ്ടായിരുന്നു. ബഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാര്‍ പറഞ്ഞത്. ഷഹലയ്ക്ക് കസേരയില്‍ ശരിക്ക് ഇരിക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു. പിന്നെ ക്ലാസ് ടീച്ചര്‍ വന്നു വെള്ളം തളിക്കുകയൊക്കെ ചെയ്തു. വയ്യെന്നും ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും ഷഹല മൂന്ന് തവണ പറഞ്ഞു. പക്ഷേ, അവളുടെ ഉപ്പ വന്നിട്ടാണ് ആശുപത്രിയില്‍ കൊണ്ടുപോയത് 'സഹപാഠി പറഞ്ഞു.ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാംക്‌ളാസ് വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ബുധനാഴ്ച വൈകിട്ട് 3.15 നാണ് പാമ്പ് കടിയേറ്റത്. അഞ്ചു മണിക്കാണ് ആംബുലന്‍സില്‍ മെഡികോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തിക്കും മുമ്പ് നില മോശമായി ചേലോട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും 6.05 ന് ഷഹല മരിച്ചു.സംഭവത്തില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ഷജിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.