തെലങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടര്‍ ലൈംഗികാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്.എന്തുകൊണ്ടാണ് മോദിയും സ്മൃതിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം.
ഞങ്ങള്‍ ബേഠി ബച്ചാവോ ബേഠി പഠാവോയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങളുടെ പെണ്മക്കള് പഠനത്തിന് ശേഷം പുറത്തുകടക്കുന്നു, അവര്‍ ശാക്തീകരിക്കപ്പെടുന്നു, പിന്നീട് എപ്പോഴാണ് അവര്‍ക്ക് ഇത് സംഭവിക്കുന്നത്. അധികാരത്തിലുള്ള ആളുകളും സര്‍ക്കാറും നിശബ്ദ കാഴ്ചക്കാരാണ്. സര്‍ക്കാര്‍ സ്ത്രീകളെക്കുറിച്ച് മറന്നോ എന്ന് ചോദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് എം.പി അമീ യജ്നിക് പറഞ്ഞു.പ്രധാനമന്ത്രി മോദിയും ഇറാനിയും രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും ഇക്കാര്യത്തില്‍ അടിയന്തര പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അവര്‍ മൗനം വെടിയണമെന്നും യജ്നിക് പറഞ്ഞു.
കോണ്‍ഗ്രസ് എംപി എസ്. ജോതിമാനി രാജ്യത്തൊട്ടാകെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാക്രമണങ്ങളെ പരാമര്‍ശിച്ചാണ് പ്രതികരിച്ചത്. ഉനാവോ സംഭവത്തെക്കുറിച്ചും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരമുള്ള കണ്ക്കുകള്വെച്ച് നോക്കുമ്പോള്‍ എല്ലാ ദിവസവും 984 സ്ത്രീകള്‍ക്കെതിരെ ലൈംഗികാക്രമണം നടക്കുന്നുണ്ട്. മണിക്കൂറില്‍ 38 സ്ത്രീകളും മൂന്ന് മിനിറ്റില്‍ രണ്ട് സ്ത്രീകളും ലൈംഗികാക്രമണത്തിന് ഇരയാവുന്നണ്ട്.'നിര്‍ഭയ കേസിനുശേഷം ഞങ്ങള്‍ കര്‍ശനമായ ഒരു നിയമം കൊണ്ടുവന്നു. പക്ഷേ ഇപ്പോഴും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.' ജോതിമാനി പറഞ്ഞു.
മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെംഗാര്‍ പ്രതിയായ ഉന്നാവോ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷാമ മുഹമ്മദ് ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ചു.സാക്ഷി മഹാരാജ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സെംഗറിന് നന്ദി അറിയിക്കാന്‍ ജയിലില്‍ പോയി. സാക്ഷി മഹാരാജിന് ആരാണ് ടിക്കറ്റ് നല്‍കുന്നത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിലുള്ള ബി.ജെ.പി. ആരാണ് ലൈംഗികാക്രമണം നടത്തുന്നവരെ പിന്തുണയ്ക്കുന്നത്?2013 ല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോദി പറഞ്ഞു, 'നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ നിര്‍ഭയയെ മറക്കരുത് എന്ന്' പിന്നെ എന്തിനാണ് അദ്ദേഹം നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് നിര്‍ഭയ ഫണ്ട് ഉപയോഗിക്കാത്തത്? അവര്‍ ചോദിച്ചു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്.ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നു.