CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 9 Minutes 19 Seconds Ago
Breaking Now

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതെ ബിജെപി ബില്‍ പാസാക്കുന്നത് ഇതു മൂന്നാം തവണ

മൂന്നാം തവണയാണ് പ്രതിപക്ഷം വന്‍ പ്രതിഷേധമുയര്‍ത്തിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിക്കൊണ്ട് വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ രാത്രിയോടെ രാജ്യസഭയിലും പാസായി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയം തേടിയെത്തിയ മുസ്ലിം അഭയാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്ന നിയമം രൂപീകരിക്കാനുള്ള തടസ്സങ്ങളെല്ലാം നീങ്ങി. രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഇത് മൂന്നാം തവണയാണ് പ്രതിപക്ഷം വന്‍ പ്രതിഷേധമുയര്‍ത്തിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നത്.

മുത്തലാഖ് ചൊല്ലുന്ന മുസ്ലീം പുരുഷന്മാര്‍ക്കെതിരെ ക്രിമിനില്‍ കേസ് എടുത്ത് അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കുന്ന മുത്തലാഖ് നിയമമായിരുന്നു ആദ്യത്തേത്. മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള നിയമമെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചെങ്കിലും ഇരുസഭകളിലും ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിനായി. മുസ്ലീം സ്ത്രീകളോടുള്ള ചരിത്രപരമായ തെറ്റു തിരുത്തിയെന്നും ലിംഗസമത്വത്തിന്റെ വിജയമാണെന്നുമായിരുന്നു ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത്. 

അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള ബില്‍. ആറു പതിറ്റാണ്ടായി ബിജെപി ആവശ്യപ്പെടുന്ന കാര്യമായിരുന്നു നാടകീയ നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക വിഷയങ്ങളില്‍ സ്വയം ഭരണം അനുവദിക്കുന്ന അനുച്ഛേദം 370 എടുത്തു നീക്കുന്നതിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് ഇരുസഭകളിലും നടത്തിയത്. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുകയും ചെയ്യുന്ന ബില്‍ ഇരുസഭകളിലും പാസാക്കാന്‍ ബിജെപി സര്‍ക്കാരിനായി.

ഇരു ബില്ലുകളും രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ തന്നെ പാസാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ തിങ്കളാഴ്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ലോക്‌സഭയില്‍ നിന്ന് അനായായ ജയം നേടിയ ബില്‍ ബുധനാഴ്ച ഉച്ചയോടെ രാജ്യസഭയിലും അവതരിപ്പിച്ചു. സഭയില്‍ ബിജെപി അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുകയും എന്‍ഡിഎയുടെ ഭാഗമല്ലാത്ത പാര്‍ട്ടികളെക്കൂടി വിശ്വാസത്തിലെടുക്കുകയും ചെയ്താണ് ബില്‍ ബിജെപി വിജയിപ്പിച്ചത്. വിവാദമായ ബില്‍ ഇരുസഭകളിലും പാസായതോടെ പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കാന്‍ വഴിയൊരുങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.