CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 17 Seconds Ago
Breaking Now

പട്ടാളക്കാരുടെ ശവപ്പെട്ടിയില്‍ ബി.ജെ.പി അഴിമതി നടത്തിയ വാര്‍ത്ത കോളിളക്കം സൃഷ്ടിച്ച സമയത്താണ് പാര്‍ലമെന്റ് ആക്രമണമുണ്ടാകുന്നത് ; രൂക്ഷ വിമര്‍ശനവുമായി പി കെ ഫിറോസ്

പാകിസ്ഥാനിലെ ലഷ്‌കര്‍ ഭീകരവാദികളും ഇന്ത്യയിലെ ആര്‍.എസ്.എസ് ഭീകരവാദികളും ഒരമ്മ പെറ്റ മക്കളാണെന്നും പി.കെ. ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു

പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവുമായി ആര്‍.എസ്.എസ് ഒളിഞ്ഞും തെളിഞ്ഞും ബന്ധം സൂക്ഷിക്കുവെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പാകിസ്ഥാനിലെ ലഷ്‌കര്‍ ഭീകരവാദികളും ഇന്ത്യയിലെ ആര്‍.എസ്.എസ് ഭീകരവാദികളും ഒരമ്മ പെറ്റ മക്കളാണെന്നും പി.കെ. ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. വാജ്‌പേയുടെ ഭരണകാലത്ത് വീരമൃത്യു വരിച്ച സൈനികരെ കൊണ്ടുവരാന്‍ വാങ്ങിയ ശവപ്പെട്ടിയില്‍ വരെ ബി.ജെ.പി അഴിമതി നടത്തിയ വാര്‍ത്ത പാര്‍ലമെന്റിനെ സ്തംഭിപ്പിക്കുന്ന സമയത്താണ് പാര്‍ലമെന്റ് അക്രമണം ഉണ്ടായത്. ഈ സംഭവത്തില്‍ പിടിയിലാകുകുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അഫ്‌സല്‍ ഗുരു തന്നെ ഡല്‍ഹിയിലേക്കയച്ചത് ദേവീന്ദര്‍ സിംഗ് എന്ന പോലീസുദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേ ദേവീന്ദര്‍ സിംഗിനെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ഭീകരവാദികളെ കാറില്‍ കൊണ്ടു പോകുമ്പോള്‍ പിടിക്കപ്പെട്ടത്. ആര്‍ക്ക് വേണ്ടിയാണ് ദേവീന്ദര്‍ സിംഗ് പ്രവര്‍ത്തിച്ചതെന്ന് ഒരാളും അറിയാന്‍ പോവുന്നില്ലെന്നും പി.കെ.ഫിറോസ് അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒടുവില്‍ ഹരീഷ് വാസുദേവിനും പാക്കിസ്ഥാന്‍ വിസ കിട്ടി. ഏതൊരു രാജ്യത്തിന്റെയും വിസ അനുവദിക്കുന്നത് ആ രാജ്യത്തിന്റെ അധികാരികളാണ്. അങ്ങിനെ നോക്കുമ്പോള്‍ പാക്കിസ്ഥാനിലേക്കുള്ള വിസ അനുവദിക്കാന്‍ പരമ യോഗ്യര്‍ ആര്‍.എസ്.എസ്സുകാര്‍ തന്നെയാണ്. 'ടൂ നാഷന്‍ തിയറി' ആദ്യമായി അവതരിപ്പിച്ചത് സവര്‍ക്കറാണ് എന്നത് മാത്രമല്ല അതിനുള്ള കാരണം. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവുമായി എക്കാലവും ഒളിഞ്ഞും തെളിഞ്ഞും ബന്ധം സൂക്ഷിച്ചു പോരുകയും അതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തവരാണ് ആര്‍.എസ്.എസ്സുകാര്‍.

അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോഴാണ് 2001 ലെ പാര്‍ലമെന്റ് അക്രമണമുണ്ടാകുന്നത്. കാര്‍ഗിലില്‍ യുദ്ധം ചെയ്ത പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുവരാന്‍ വാങ്ങിയ ശവപ്പെട്ടിയില്‍ വരെ BJP അഴിമതി നടത്തിയ വാര്‍ത്ത പാര്‍ലമെന്റിനെ സ്തംഭിപ്പിക്കുന്ന കാലത്താണ് പെട്ടെന്ന് പാര്‍ലമെന്റ് അക്രമണം ഉണ്ടാകുന്നത്. ഈ സംഭവത്തില്‍ പിടിയിലാകുകുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അഫ്‌സല്‍ ഗുരു തന്നെ ഡല്‍ഹിയിലേക്കയച്ചത് ദേവീന്ദര്‍ സിംഗ് എന്ന പോലീസുദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും ഒരാളും ഗൗനിച്ചില്ല. ഇതേ ദേവീന്ദര്‍ സിംഗിനെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ഭീകരവാദികളെ കാറില്‍ കൊണ്ടു പോകുമ്പോള്‍ പിടിക്കപ്പെട്ടത്. ആര്‍ക്ക് വേണ്ടിയാണ് ദേവീന്ദര്‍ സിംഗ് പ്രവര്‍ത്തിച്ചതെന്ന് ഒരാളും അറിയാന്‍ പോവുന്നില്ല. മറിച്ച് ദേവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമോ എന്നേ ഇനി അറിയാന്‍ ബാക്കിയുള്ളൂ.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കൊച്ചു മകളുടെ കല്യാണത്തിന് ക്ഷണിക്കാതെയാണ് നരേന്ദ്ര മോദി പങ്കെടുത്തത്. 2015 ലായിരുന്നു സംഭവം. മോദി റഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകും വഴി പാക്കിസ്ഥാനില്‍ ഇറങ്ങുകയായിരുന്നു. നമ്മോട് പാക്കിസ്ഥാന്‍ പാക്കിസ്ഥാന്‍ എന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോഴാണ് വിളിക്കാത്ത കല്യാണത്തിന് പോയി മോദി ബിരിയാണി ഉണ്ണുന്നത്. അന്തര്‍ധാര എത്രമാത്രം സജീവമാണെന്നറിയാന്‍ ഇതില്‍ പരം എന്ത് തെളിവ് വേണം!!

നോട്ടു നിരോധനമെന്ന മണ്ടന്‍ പരിഷ്‌കാരം വഴി തകര്‍ന്നടിഞ്ഞ സാമ്പത്തിക ഘടനയും ജി.എസ്.ടി നടപ്പിലാക്കുക വഴി ഉണ്ടായ വിലക്കയറ്റവും ജനതയെ പൊറുതി മുട്ടിച്ചപ്പോഴാണ് 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തൊട്ടു മുമ്പ് നടന്ന, സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റമ്പുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ചാവേറക്രമണം ഉണ്ടാകുന്നത്. ഇന്ത്യയില്‍ എപ്പോള്‍ അക്രമണം നടത്തണമെന്ന് വളരെ കൃത്യമായി പാക് ഭീകരവാദികള്‍ക്കറിയാം! പുല്‍വാമയില്‍ DySP ആയിരുന്ന ദേവീന്ദര്‍ സിംഗിനെ ഇപ്പോള്‍ പാക് തീവ്രവാദികളോടൊപ്പം പിടി കൂടിയതില്‍ നിന്നും ഇതൊന്നും അത്ര യാദൃശ്ചികമല്ല എന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.2019 ലാണ് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ച ബി.ജെ.പിയുടെയും ബജ്‌റംഗ ദളിന്റെയും നേതാക്കളെ മധ്യപ്രദേശ് ATS പിടികൂടിയത്. ഇവരില്‍ പലരെയും 2017 ലും പിടി കൂടിയിരുന്നെങ്കിലും അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ വിട്ടയക്കുകയായിരുന്നു.

പാകിസ്ഥാനിലെ ലഷ്‌കര്‍ ഭീകരവാദികളും ഇന്ത്യയിലെ ആര്‍.എസ്.എസ് ഭീകരവാദികളും ഒരമ്മ പെറ്റ മക്കളാണെന്ന് തെളിയിക്കാന്‍ ഉദാഹരണങ്ങള്‍ ഇനിയും നിരത്താനാവും. പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീര്‍ച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആര്‍.എസ്.എസ്സുകാര്‍ക്ക് തന്നെയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.