മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രമാണ് പുറത്തുവിട്ടത്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളിലാണ് ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കി.
മുഖം മറച്ച് ഓട്ടോറിക്ഷയില്‍ കയറിപ്പോയ വ്യക്തിയുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. ഉഗ്രശേഷിയുള്ള സ്‌ഫോടന വസ്തു അടങ്ങുന്ന ബാഗ് ഉപേക്ഷിച്ച ശേഷം മടങ്ങുന്ന ദൃശ്യമാണിത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. അഞ്ഞൂറു മീറ്ററിനുള്ളില്‍ ആഘാതമുണ്ടാക്കാവുന്ന തരത്തിലുള്ള ഉഗ്ര ശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്.