CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 52 Minutes 35 Seconds Ago
Breaking Now

ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് വളച്ചൊടിച്ചെന്ന് സഭ ;'' ജാഗ്രത വേണം, മുസ്ലീം സമുദായത്തിന് എതിരെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല ''

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനു മുമ്പ് ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ഭരണഘടന സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണം

ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് വളച്ചൊടിച്ചെന്ന് സഭ. വിഷയത്തില്‍ ജാഗ്രത വേണമെന്നും സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പബ്ലിക്ക് അഫയേഴ്‌സ് രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സഭയുടെ നിലപാട് സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുകയാണെന്നും സഭ ആരോപിച്ചു. ലൗ ജിഹാദ് നിലപാട് മുസ്ലിം സമുദായത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും സഭ പറയുന്നു.

വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിലപാട് സഭ രൂപപ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനു മുമ്പ് ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ഭരണഘടന സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണം. മതേതരത്വം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ അനുവദിക്കരുത്. തിരിച്ചു പോകാന്‍ ഇടമില്ലാത്തതിനാല്‍ അഭയാര്‍ത്ഥികള്‍ക്ക് മതഭേദമന്യേ പൗരത്വം നല്‍കാന്‍ തയ്യാറാകണം. പുതുതായി പൗരത്വം നല്‍കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പൈതൃകം പരിഗണിക്കണം.അഭയാര്‍ത്ഥികലെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പാര്‍പ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അധാര്‍മികമാണെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സിറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും സിറോ മലബാര്‍ സഭ അധികൃതര്‍ പറയുന്നു.

കെസിബിസി വക്താവും പിഒസി ഡയറക്ടറുമായ ഫാ വര്‍ഗീസ് വള്ളിക്കാട് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒരു ഭാഗം കെസിബിസി വക്താവിന്റെ എന്ന നിലയില്‍ അനുവാദമില്ലാതെ ഒരു ദിനപത്രം പ്രസിദ്ധീകരിക്കുകയായിരുന്നു. അതിനാല്‍ ലേഖനത്തിലെ ഭാഗങ്ങള്‍ സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നും സഭ വ്യക്തമാക്കി.

മതവിശ്വാസ സത്യങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ജീവിച്ച് നന്മയുടേയും കാരുണ്യത്തിന്റേയും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഇസ്ലാം വിശ്വാസികളെ സാഹോദര്യത്തിന്റെ കണ്ണിലൂടെയാണ് കാണുന്നതെന്നും സഭ വ്യക്തമാക്കി. വിവിധ രൂപതകളില്‍ നിന്നും ഇടവകകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൗ ജിഹാദിനെക്കുറിച്ച് സഭ ആശങ്ക പ്രകടിപ്പിച്ചത്. മതങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുന്ന വിധത്തില്‍ ലൗ ജിഹാദിനെ കാണുന്നില്ലെന്നും സഭ വ്യക്തമാക്കി. വിഷയത്തെ ക്രമസമാധാന പ്രശ്‌നമായി കണ്ട് നിയമപാലകര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സഭ പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.