CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 15 Minutes 9 Seconds Ago
Breaking Now

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണം ; പുതിയ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചു

കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്.

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്ന പുതിയ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലണം. പ്രതികള്‍ കോടതിയില്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളിയാണ് വിചാരണക്കോടതി പുതിയ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചത്.

കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി മരണവാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.

ഏറ്റവുമൊടുവില്‍, ഡല്‍ഹി ഹൈക്കോടതി ഇടപെട്ട്, പ്രതികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12നകം പൂര്‍ത്തിയാക്കണമെന്നും, അതിന് ശേഷം പുതിയ ഹര്‍ജികളൊന്നും നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി പട്യാലഹൗസ് കോടതി, അതിന് ശേഷം ഹര്‍ജികളൊന്നും നല്‍കാന്‍ അവസരമുണ്ടാകില്ലെന്നും വിധിച്ചു. ഇതനുസരിച്ച് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ്, എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് ഡല്‍ഹി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതിയായ വിനയ് ശര്‍മയൊഴികെ മറ്റാര്‍ക്കും ഇനി ഒരു ഹര്‍ജിയും കോടതികളില്‍ നല്‍കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇന്ന് വിനയ് ശര്‍മയുടെ ഹര്‍ജി മാത്രമാണ് പരിഗണിച്ചത്.

അക്ഷയ് ഠാക്കൂറിനും വിനയ് ശര്‍മയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍, വധശിക്ഷ നടപ്പാക്കരുതെന്ന് വീണ്ടും വാദിച്ചു. വിനയ് ശര്‍മ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും, അതിനാല്‍ വധശിക്ഷ നടപ്പാക്കരുതെന്നുമായിരുന്നു അഡ്വ. എ പി സിംഗിന്റെ ആവശ്യം.

മുകേഷ് സിംഗിന് വേണ്ടി വാദിക്കുന്നതില്‍ നിന്ന് അമിക്കസ് ക്യൂറി പിന്മാറി. നിയമസഹായം തുടരാന്‍ കുറ്റവാളിയായ മുകേഷ് സിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് അമിക്‌സ് ക്യൂറി കോടതിയില്‍ പറഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്ഷയ് സിംഗിന് വേണ്ടി പുതിയ  ദയാഹര്‍ജി നല്‍കുമെന്ന് കുറ്റവാളികളുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയെ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച കാലയളവിനുള്ളില്‍ പവന്‍ ഗുപ്തക്ക് നിയമനടപടികള്‍ പൂര്‍ത്തിയാക്കാനായില്ലെന്ന് അഭിഭാഷകന്‍ രവി ഖാസിയും കോടതിയോട് പറഞ്ഞു. സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാനാഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും ആഗ്രഹിക്കുന്നുവെന്നും കുറ്റവാളികളുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

മകനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇവയെല്ലാം തള്ളിക്കൊണ്ടാണ് പ്രതികള്‍ക്കായി വിചാരണക്കോടതി പുതിയ മരണവാറണ്ട് തയ്യാറാക്കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.