CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 8 Seconds Ago
Breaking Now

ജ്വാല ഇമാഗസിന്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിക്കൊണ്ട് ചരിത്രത്തിലേക്ക്.......... ഏറെ പുതുമകളുമായി ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ 2020  ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച ജ്വാല ഇമാഗസിന്‍ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായൊരു നാഴികക്കല്ല് പിന്നിടാന്‍ ജ്വാലക്ക് കഴിഞ്ഞത് വായനയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു സന്തോഷ വര്‍ത്തമാനം തന്നെയാണ്.

വേറിട്ടതും ഈടുറ്റതുമായ രചനകളാല്‍ സമ്പന്നമായ ഫെബ്രുവരി ലക്കത്തിന്റെ എഡിറ്റോറിയലില്‍ ഇന്ത്യന്‍ വിദ്യാഭാസ രംഗത്തെ അപചയത്തെക്കുറിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതുന്നു. കലാപങ്ങളും സംഘര്‍ഷങ്ങളും ഇന്ത്യന്‍ വിദ്യാഭാസത്തെ കലുഷിതമാക്കുന്നു. ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം മത്സരപ്പരീക്ഷകള്‍ പാസാകാനുള്ള കുറുക്കുവഴികള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി ഇന്ത്യന്‍ വിദ്യാഭാസ രംഗം മാറിയിരിക്കുന്നതായി റജി നന്തികാട്ട് പത്രാധിപക്കുറിപ്പില്‍ നിരീക്ഷിക്കുന്നു.

മലയാള സിനിമക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമായി മാറിയ ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ ജി അരവിന്ദന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ അരവിന്ദന്‍ എന്ന ലേഖനം. ഫെബ്രുവരി ലക്കത്തിന്റെ മുഖചിത്രവും അരവിന്ദന്‍ തന്നെയാണ്. പച്ചയായ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ജോര്‍ജ്ജ് അരങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ താന്‍ നേരിട്ട ഒരു ജീവിതാനുഭവം  മനോഹരമായി വിവരിക്കുന്നു.

വിനോയ് തോമസിന്റെ 'മലയാള പാഠപുസ്തകങ്ങള്‍ മലയാള സാഹിത്യത്തോട് ചെയ്തത്' എന്ന ലേഖനം വിമര്‍ശനപരമായി നല്ലൊരു രചനയാണ്. സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന കവിയാണ് എം ബഷീര്‍. അദ്ദേഹത്തിന്റെ കവിതകള്‍ ജീവിതത്തിന്റെ അകത്തളങ്ങളിലെ കാഴ്ചകള്‍ നമ്മെ കാണിക്കുന്നു. എം. ബഷീറിന്റെ 'ഗാന്ധിയെ കൊന്നതിന്റെ പിറ്റേന്ന്' എന്ന കവിത ഈ ലക്കത്തിലെ ശക്തമായ രചനകളില്‍ ഒന്നാണ്. യു കെ മലയാളിയായ ബീനാ റോയി എഴുതിയ ഇംഗ്ലീഷ് കവിതയും അതിന്റെ മലയാള പരിഭാഷയും അടങ്ങിയ ' സമയത്തിന്റെ അന്ത്യം വരേയ്ക്കും ' എന്ന രചനയും കെ. വിഷ്ണുനാരായണന്‍ രചിച്ച ' സമ്മാനം ' എന്ന കവിതയും  ഈ ലക്കത്തിലെ മനോഹര രചനകളാണ്.

വൈഖരീ ഈശ്വര്‍ എഴുതിയ അച്ഛന്‍ എന്ന കഥയും ബിനു ആര്‍ എഴുതിയ സന്യാസം ഒരു മരീചികയാണ് എന്ന കഥയും ആര്‍ ഗോപാലകൃഷ്ണന്റെ 'ഇളമുളച്ചി  ഒരു ശാസ്ത്ര കൗതുകം' എന്ന രചനയും വായനക്കാരുടെ  പ്രിയ  കൃതികള്‍ ആയിരിക്കും. റോയി സി ജെയുടെ ചിത്രങ്ങള്‍ രചനകളെ മനോഹരമാക്കുന്നു. ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://issuu.com/jwalaemagazine/docs/february_2020  

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.