CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 37 Seconds Ago
Breaking Now

വുഹാനിലെ കൊറോണയില്‍ നിന്നും രക്ഷപ്പെടുത്തി, പക്ഷെ എന്‍എച്ച്എസ് ചാര്‍ജ്ജില്‍ രക്ഷയില്ല; ബ്രിട്ടീഷുകാരന്റെ ചൈനീസ് ഭാര്യക്ക് യുകെയില്‍ പ്രസവിക്കാന്‍ 10,000 പൗണ്ട്; പ്രസവത്തിന് ചൈനയിലേക്ക് മടങ്ങേണ്ടി വരുമോ?

ജോണ്‍സ് ബ്രിട്ടീഷ് പൗരനാണെങ്കിലും ഭാര്യക്ക് ആറ് മാസത്തെ താല്‍ക്കാലിക വിസയാണ് അനുവദിച്ചിരിക്കുന്നത്

കൊറോണാവൈറസില്‍ നിന്നും രക്ഷപ്പെടുത്താനായി വുഹാനില്‍ നിന്നും യുകെയില്‍ എത്തിച്ച ദമ്പതികള്‍ക്ക് എന്‍എച്ച്എസിന്റെ ഇരുട്ടടി! എന്‍എച്ച്എസില്‍ ഇവരുടെ കുഞ്ഞിനെ പ്രസവിക്കാന്‍ 10,000 പൗണ്ടിലേറെ അടയ്ക്കണമെന്ന അവസ്ഥയാണ് ഇവരെ ഞെട്ടിക്കുന്നത്. 28-കാരന്‍ ജെഡ് ജോണ്‍സും, 24 ആഴ്ച ഗര്‍ഭിണിയായ ഭാര്യ ലിയു പാനും രക്ഷപ്പെടുത്തലിന് ശേഷം രണ്ടാഴ്ചയായി മില്‍ട്ടണ്‍ കെയിന്‍സില്‍ ക്വാറന്റൈനിലായിരുന്നു. 

കഴിഞ്ഞ ദിവസം പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇവരെ പുറത്തുവിട്ടത്. ഇവര്‍ ഗ്ലൗസ്റ്റര്‍ഷയറിലെ ജോണ്‍സിന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നാണ് കരുതുന്നത്. രണ്ട് വര്‍ഷം വുഹാനില്‍ താമസിച്ച ശേഷമാണ് ദമ്പതികളെ രക്ഷപ്പെടുത്തിയത്. എന്നാല്‍ വൈറസില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിന് പിന്നാലെ മറ്റൊരു ആശങ്ക ഇവരെ കീഴടക്കുകയാണ്. ലിയുവിന്റെ പ്രസവ തീയതി അടുക്കുന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. 

ജോണ്‍സ് ബ്രിട്ടീഷ് പൗരനാണെങ്കിലും ഭാര്യക്ക് ആറ് മാസത്തെ താല്‍ക്കാലിക വിസയാണ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എന്‍എച്ച്എസ് ചികിത്സയ്ക്ക് പണം ചെലവാകും. പ്രസവത്തിന് 7800 പൗണ്ട് വരെയാണ് ഫീസ്. വുഹാനില്‍ നിന്നും രക്ഷപ്പെടുന്നതിന് മുന്‍പ് ഈ ഫീസ് ഈടാക്കുമെന്ന് അറിവില്ലായിരുന്നുവെന്നാണ് ജോണ്‍സ് പറയുന്നത്. ഇതോടെ പ്രസവിക്കാനായി ചൈനയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഇവര്‍. 

79000 പേര്‍ക്കാണ് ആഗോള തലത്തില്‍ വൈറസ് ബാധ പിടികൂടിയിരിക്കുന്നത്. 2600 പേരിലേറെ മരിക്കുകയും ചെയ്തു. ഇവയില്‍ ഭൂരിഭാഗവും ചൈനയിലാണ്. 'ഭാര്യക്ക് എന്‍എച്ച്എസ് ചികിത്സ വേണം. ഭാര്യക്കും ജനിക്കാന്‍ ഇരിക്കുന്ന കുഞ്ഞിനും പൊടുന്നനെ ആയിരക്കണക്കിന് പൗണ്ട് വേണ്ടിവന്നത് മോശമാണ്. രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ഉപദേശം കേള്‍ക്കുകയാണ് ചെയ്തത്. ഓരോ വ്യക്തിക്കും അനുസരിച്ചുള്ള വിസ വേണം അനുവദിക്കാന്‍', ജോണ്‍സ് പ്രതികരിച്ചു. 

ഭാര്യക്ക് സൗജന്യ എന്‍എച്ച്എസ് ചികിത്സ ലഭിക്കില്ലെന്നതാണ് ഇദ്ദേഹത്തെ ടെന്‍ഷനിലാക്കുന്നത്. ഏഴ് വര്‍ഷം മുന്‍പാണ് ജോണ്‍സ് ചൈനയിലേക്ക് പോയത്. ഭാര്യ ചൈനീസ് പൗരത്വമുള്ള വ്യക്തിയാണ്. ഇതോടെ സൗജന്യ ചൈല്‍ഡ് കെയറിനുള്ള മാനദണ്ഡങ്ങള്‍ ഇവര്‍ പാലിക്കുന്നില്ല. ഇതോടെ ചികിത്സ ലഭിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.