CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 1 Seconds Ago
Breaking Now

130 കോടി ജനതയ്ക്ക് 2.3 ട്രില്ല്യണ്‍ ; ജനതയെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അണിയറയില്‍ തയ്യാറാക്കുന്ന സാമ്പത്തിക പാക്കേജിങ്ങനെ

വൈറസിനെ പ്രതിരോധിക്കാന്‍ അടച്ചുപൂട്ടിയ രാജ്യത്തിന് സാമ്പത്തിക പാക്കേജ് അനിവാര്യമാണ്.

കൊറോണാവൈറസ് പകര്‍ച്ചവ്യാധി നേരിടുന്ന രാജ്യത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ തയ്യാറാക്കുന്നത് 2.3 ട്രില്ല്യണ്‍ രൂപ വരെയുള്ള സാമ്പത്തിക പാക്കേജെന്ന് റിപ്പോര്‍ട്ടുകള്‍. 1.5 ട്രില്ല്യണ്‍ 2.3 ട്രില്ല്യണ്‍ വരെ രൂപയ്ക്ക് ഇടയിലുള്ള സാമ്പത്തിക പാക്കേജിന് അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ അടച്ചുപൂട്ടിയ രാജ്യത്തിന് സാമ്പത്തിക പാക്കേജ് അനിവാര്യമാണ്.

സാമ്പത്തിക പാക്കേജിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് റോയിറ്റേഴ്‌സിന് വിവരം കൈമാറിയ ശ്രോതസ്സുകള്‍ വ്യക്തമാക്കി. പാക്കേജ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും, ധനകാര്യ മന്ത്രാലയവും, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സജീവ ചര്‍ച്ചകള്‍ നടത്തിവരികയാണ്. സാമ്പത്തിക ഉത്തേജന പാക്കേജ് 2.3 ട്രില്ല്യണ്‍ രൂപ വരെ പോകുമെന്നാണ് കരുതുന്നത്. എന്നാല്‍ കൃത്യമായ എണ്ണം അന്തിമപ്രഖ്യാപനത്തില്‍ മാത്രമാണ് വ്യക്തമാകുക.

ഈ ആഴ്ചാവസാനം തന്നെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. പാവപ്പെട്ട 100 മില്ല്യണ്‍ ആളുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്നതിന് പുറമെ അടച്ചുപൂട്ടല്‍ മൂലം തിരിച്ചടി നേരിട്ട ബിസിനസ്സുകളെ പിന്തുണയ്ക്കാനും പാക്കേജ് വിനിയോഗിക്കും. 130 കോടി ജനങ്ങളുള്ള ഇന്ത്യ വൈറസിനെ പ്രതിരോധിക്കുന്നത് ലോകത്തിന് പോലും ആശങ്ക നല്‍കുന്ന വിഷയമാണ്. മൂന്നാഴ്ചത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചാണ് രാജ്യം വൈറസിന്റെ വ്യാപനം തടയാന്‍ ശ്രമിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ പുറത്തിറക്കിയ സെക്യൂരിറ്റികളില്‍ ചിലത് കേന്ദ്ര ബാങ്കിനോട് വാങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പണപ്പെരുപ്പം ഭയന്ന് റിസര്‍വ്വ് ബാങ്ക് ദശകങ്ങളായി ഇത് ചെയ്യാറില്ല. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ പണത്തിന്റെ ഞെരുക്കം അനുഭവപ്പെട്ടാല്‍ ആര്‍ബിഐ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം നല്‍കുന്ന തരത്തിലും കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ധനകാര്യ മന്ത്രാലയവും, ആര്‍ബിഐയും ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഇതിനകം തന്നെ ടാക്‌സ് ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന സമയപരിധികള്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പാക്കേജ് തയ്യാറായി വരികയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.