CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 53 Minutes 14 Seconds Ago
Breaking Now

ആറാഴ്ച പ്രായമുള്ള കുഞ്ഞ് ജീവനും കൊറോണ കവര്‍ന്നു; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര യുഎസില്‍

പ്രായമായവരാണ് വൈറസിന് ഇരകളാകുന്നതെന്ന അബദ്ധ ധാരണ തിരുത്താന്‍ സമയമായെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിക്കുന്നതിന് ഇടയിലാണ് കുഞ്ഞിന്റെ മരണം

അമേരിക്കയിലെ കണക്ടികട്ടില്‍ ആറാഴ്ച പ്രായമായ കുഞ്ഞ് കൊറോണാവൈറസ് ബാധിച്ച് മരിച്ചു. ലോകത്തില്‍ ഇതുവരെയുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ഇതെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചയാണ് പ്രതികരണമില്ലാതെ വന്നതോടെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ബുധനാഴ്ച കണക്ടികട്ട് ഗവര്‍ണര്‍ നെഡ് ലാമണ്ട് മരണവാര്‍ത്തയാണ് സ്ഥിരീകരിച്ചത്. 

'കൊവിഡ്-19നുമായി ബന്ധപ്പെട്ട് കണക്ടികട്ടിലെ ആദ്യത്തെ പീഡിയാട്രിക് മരണമാണ് ഹൃദയം തകര്‍ക്കുന്ന ദുഃഖത്തോടെ സ്ഥിരീകരിക്കുന്നത്. ഹാര്‍ട്ട്‌ഫോര്‍ഡ് മേഖലയില്‍ നിന്നുള്ള ആറാഴ്ച പ്രായമായ നവജാത ശിശുവിനെ പ്രതികരണമില്ലാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ രക്ഷിക്കാനായില്ല. പരിശോധനയില്‍ കുഞ്ഞ് കൊവിഡ്-19 പോസിറ്റീവായി സ്ഥിരീകരിച്ചു', ഗവര്‍ണര്‍ വ്യക്തമാക്കി. 

ഏറ്റവും ദുര്‍ബലരെ പോലും ദയവില്ലാതെ അക്രമിക്കുന്ന വൈറസാണ്. വീടുകളില്‍ തുടരാനും, മറ്റുള്ളവരുമായി സമ്പര്‍ക്കം കുറയ്‌ക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങളുടെ ജീവിതവും, മറ്റുള്ളവരുടെ ജീവിതവും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഗവര്‍ണര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. 

കണക്ടികട്ടില്‍ 3128 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്, 69 പേര്‍ മരിക്കുകയും ചെയ്തു. മരിച്ച കുഞ്ഞിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. പ്രായമായവരാണ് വൈറസിന് ഇരകളാകുന്നതെന്ന അബദ്ധ ധാരണ തിരുത്താന്‍ സമയമായെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിക്കുന്നതിന് ഇടയിലാണ് ഈ കുഞ്ഞിന്റെ മരണം ഞെട്ടലായി തേടിയെത്തുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.