CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 21 Minutes 23 Seconds Ago
Breaking Now

ഉമ്മന്‍ ചാണ്ടിയുടെ സന്ദേശം ആവേശമായി, നടന്‍ ശങ്കറിന്റെ സാന്നിധ്യം സദസ്സിനെ ഇളക്കിമറിച്ചു; ഒ.ഐ.സി.സി കുടുംബസംഗമം വന്‍വിജയം

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി. യു.കെ) സംഘടിപ്പിച്ച കുടുംബസംഗമം 2013 വന്‍വിജയമായി മാറി.

ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ഷികാഘോഷവും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ  കലാപരിപാടികളും ചേര്‍ത്ത് നടത്തപ്പെട്ട ഈ കുടുംബ സംഗമം ജനപങ്കാളിത്തം കൊണ്ടും കലാമൂല്യം കൊണ്ടും മികവുറ്റതായി മാറി. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ടെലികോണ്‍ഫ്രന്‍സിലൂടെയുള്ള സന്ദേശം സദസ്സിനെ ആവേശഭരിതരാക്കി. മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ടെലികോണ്‍ഫ്രന്‍സിലൂടെ പ്രസംഗിക്കുകയുണ്ടായി. പ്രശസ്ത സിനിമാതാരം ശങ്കര്‍ എത്തിച്ചേര്‍ന്നത് സദസ്സിനെ ഇളക്കിമറിച്ചു. വൈകുന്നേരം നാല് മണിയ്ക്ക് ആരംഭിച്ച പരിപാടി    രാത്രി  ഒമ്പതര വരെ നീണ്ടു നിന്നു. യൂറോപ്പില്‍ ആദ്യമായിട്ടാണ് ഇത്രയും ബൃഹത്തായ രീതിയില്‍ രാഷ്ട്രീയാഭിമുഖ്യമുള്ള ഒരു സംഘടനയുടെ കുടുംബ സംഗമം നടത്തപ്പെടുന്നത്. അറുന്നൂറില്പരം ആളുകളാണ് ഈസ്റ്റ് ലണ്ടനിലെ പ്രൗഢഗംഭീരമായ ന്യൂഹാം ടൗണ്‍ഹാളില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നത്.സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസി മലയാളികളുടെ പിന്തുണ അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ടെലി കോണ്‍ഫ്രന്‍സിലൂടെ വ്യക്തമാക്കിയത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനു വേണ്ടി ഏറ്റവുമധികം  പദ്ധതികള്‍ ആവിഷ്കരിച്ച  ഈ സര്‍ക്കാരിനു പ്രവാസി മലയാളികള്‍ നല്‍കി വരുന്ന പിന്തുണയുടെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് ലണ്ടനില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാടിന്റെ സംസ്ക്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനു പ്രവാസി മലയാളികള്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സാധിക്കുമെന്നു അദ്ദേഹം പറഞ്ഞു. യു.കെയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമായി മാറിയ ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും ഒന്നാം വാര്‍ഷികാഘോഷം നടത്തിയപ്പോഴും ഒ.ഐ.സി.സി യു.കെ സംഘടിപ്പിച്ചിട്ടുള്ള പരിപാടികളില്‍ ടെലികോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചിട്ടുള്ളത് അദ്ദേഹം അനുസ്മരിച്ചു. ഇത്തവണ കുടുംബസംഗമം എന്ന നിലയില്‍ വലിയ സമ്മേളനം തന്നെ സംഘടിപ്പിച്ചതിനു എല്ലാ അഭിനന്ദനങ്ങളും,  യു.ഡി.എഫ് സര്‍ക്കാരിനു യു.കെ മലയാളികള്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടന്ന പരിപാടിയ്ക്ക് ശേഷം കോട്ടയത്തേയ്ക്കുള്ള ട്രയിന്‍ യാത്രയിലായിരുന്ന അവസരത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഒ.ഐ.സി.സിയുടെ  കുടുംബസംഗമത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്. വീഡിയോ കോണ്‍ഫ്രസിലൂടെ സംസാരിക്കുന്നതിനായിരുന്നു മുന്‍കൂട്ടി തീരുമാനിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി യാത്രയിലായതിനാലാണ് അദ്ദേഹം ഫോണിലൂടെ സന്ദേശം അറിയിച്ചത്. എന്നാല്‍ പ്രസംഗത്തിനു ശേഷം വേദിയും സദസ്സും അദ്ദേഹം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കാണുകയുണ്ടായി.

വൈകുന്നേരം കൃത്യം നാലു മണിയ്ക്ക് തന്നെ കുടുംബസംഗമത്തിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ആരംഭിച്ചു. മലയാള സിനിമയിലെ സൂപ്പര്‍ പ്രണയനായകനായിരുന്ന ശങ്കര്‍  , കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍ , യുക്മ പ്രസിഡന്റ് കെ.പി വിജി എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ ടൗണ്‍ഹാളിന്റെ കാവാടത്തില്‍ നിന്നും ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പിലിന്റെയും മറ്റ്  ദേശീയ ഭാരവാഹികളുടേയും സ്വാഗതസംഘം ഭാരവാഹികളുടേയും നേതൃത്വത്തില്‍ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. ഒ.ഐ.സി.സിയുടെയും ഇന്ത്യന്‍ - ബ്രിട്ടീഷ് ദേശീയപതാകകളേന്തിയ കുട്ടികളും താലപ്പൊലിയേന്തിയ വനിതകളും ഇരുവശങ്ങളിലും നിരന്നു നിന്നതും മുത്തുക്കുടകളുടെ അകമ്പടിയും വിശിഷ്ടാതിഥികളുടെ സ്വീകരണത്തിനു കൊഴുപ്പേകി. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കുടുംബസമേതം നേരത്തേ തന്നെ എത്തിച്ചേര്‍ന്നതിനാല്‍ നിറഞ്ഞ സദസ്സിലേയ്ക്കാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. സിനിമാ താരം ശങ്കര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് എന്നുള്ളത് മുന്‍കൂട്ടി പ്രഖ്യാപിക്കാതിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ അപ്രതീക്ഷിത സാന്നിധ്യം സദസ്സിനെ ഇളക്കിമറിച്ചു. ഫ്രാന്‍സിസ് വലിയപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിനിമാ താരം ശങ്കര്‍ ഉദ്ഘാടനം ചെയ്തു.

ബ്രിട്ടണിലും രാഷ്ട്രീയാഭിമുഖ്യമുള്ള ഒരു സംഘടന ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുള്ളത് ഉദ്ഘാടന പ്രസംഗത്തില്‍ സിനിമാ താരം ശങ്കര്‍ പറഞ്ഞു. കലാപരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ഒ.ഐ.സി.സിയുടെ കുടുംബസംഗമം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി യു.കെയുടെ ഭാവി പരിപാടികള്‍ക്കും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറിയാലും സ്വന്തം രാജ്യത്തെയും സംസ്ക്കാരത്തെയും മറക്കാത്ത ശീലം എല്ലാ കോണ്‍ഗ്രസ്സുകാര്‍ക്കുമുണ്ട് എന്നുള്ളതിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഈ സമ്മേളനമെന്നു കുടുംബസംഗമത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ആഭ്യന്തര മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു ശക്തമായ ഒരു സംഘടനാ സംവിധാനം ബ്രിട്ടണില്‍ കോണ്‍ഗ്രസ് സംസ്ക്കാരമുള്ളവര്‍ക്ക് കെട്ടിപ്പടുക്കുവാനായിട്ടുണ്ട് എന്നുള്ളത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇന്ത്യയുടെ ദേശീയതയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാരമ്പര്യവും കൈമോശം വരാതെ പ്രവാസി ജീവിതത്തിനിടയില്‍ ഒത്തുചേരുന്ന എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിക്കുകയും ചെയ്തു.രണ്ടര വര്‍ഷക്കാലം കൊണ്ട് യു.കെയിലെ കോണ്‍ഗ്രസ് സംസ്ക്കാരം ഉള്‍ക്കൊള്ളുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിനു പ്രവാസി മലയാളികള്‍ നല്‍കി വരുന്ന പിന്തുണയുടെ ഉത്തമ ഉദാഹരണമാണ് കുടുംബസംഗമം എന്നുള്ളത് ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയ പറമ്പില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. യു.കെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള സംഘടനയായി വരും നാളുകളില്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കോണ്‍ഗ്രസ് സംസ്ക്കാരമുള്ളവരുടെ ഈ കുടുംബസംഗമം ഒരു സ്വപ്നസാക്ഷാത്കാരമാണെന്നു കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍ പറഞ്ഞു. ഒ.ഐ.സി.സിയുടെ തുടക്കം മുതല്‍ എല്ലാ പരിപാടികള്‍ക്കും സഹകരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇത്തരം കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്ന തരത്തിലേയ്ക്ക് ഒ.ഐ.സി.സി എത്തിയതിലുള്ള സന്തോഷവും ഡോ. ഓമന പങ്കുവച്ചു.

യു.കെയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ഒരു സ്വാധീന ശക്തിയായി മാറുന്നതിനു ഒ.ഐ.സി.സിയ്ക്ക് സാധിച്ചിട്ടുണെന്നുള്ളതിന്റെ തെളിവാണ് ഈ കുടുംബസംഗമം എന്നു  യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ പ്രസിഡന്റ് കെ.പി വിജി പറഞ്ഞു. ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളി സമൂഹത്തിനൊന്നാകെ മാതൃകയാണെന്നും വരും നാളുകളില്‍ കൂടുതല്‍  പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കട്ടെയെന്നു കൗണ്‍സിലര്‍ ഫിലിപ്പ് എബ്രാഹം ആശംസിച്ചു.

അബുദാബിയില്‍ നടന്ന ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റില്‍ പങ്കെടുത്ത ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അതു സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ എബി സെബാസ്റ്റ്യന്‍ , ഗിരി മാധവന്‍ , വൈസ് പ്രസിഡന്റ് തോമസ് പുളിക്കല്‍ , സ്വാഗതസംഘം ഭാരവാഹികളായ തോമസ് കാക്കശ്ശേരി, കുമാര്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള കേക്ക് മുറിച്ചത് അബ്രാഹംവാഴൂരാണ്.  ഒ.ഐ.സി.സി ലണ്ടൻ റീജിയൻ പ്രസിഡന്റും കുടുംബ മേളയുടെ സ്വാഗത സംഘം  ചെയർമാനുമായ ടോണി ചെറിയാന്‍ സ്വാഗതവും അല്‍ സാഹിര്‍ നന്ദിയും രേഖപ്പെടുത്തി. പോള്‍സണ്‍ തോട്ടപ്പള്ളി,  ജെയ്സണ്‍ ജോര്‍ജ് ,  നിഹാസ് റാവുത്തര്‍ , ഡോ. രാധാകൃഷ്ണ പിള്ളെ, കെ.എസ് ജോണ്‍സണ്‍ , ബിനു കുര്യാക്കോസ്, അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട, രഞ്ജി വര്‍ക്കി, ജിമ്മി മൂലംകുന്നം, ജിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം  നല്‍കി. കേരളാ പ്രമോഷന്‍സ് ഡയറക്ടര്‍ ജി. ശശാങ്കന്‍ , യുക്മ പ്രഥമ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍  എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. പൊതുയോഗത്തിനു ശേഷം ഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.