CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 57 Seconds Ago
Breaking Now

വാത്സിഗാമില്‍ ഏഴാമത് സീറോമലബാര്‍ തീര്‍ത്ഥാടനം ജൂലായ് 21ന്.

യുകെയിലെ ഏറ്റവും പുരാതനമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാത്സിഗാ മില്‍ സീറോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ ജൂലായ് 21ന് നടത്തപ്പെടുന്ന ഏഴാമത് സീറോ മലബാര്‍ തീര്‍ത്ഥാടനം മരിയ ഭക്തരുടെ സാഗരമാകും.

ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് പ്രസുദേന്തിമാരായി നേതൃത്വം നൽകുന്നത് ബെഡ്‌ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റിയാണ്.

ഇംഗ്ലണ്ടിലെ ' നസ്രത്ത് ' എന്നാണ് വാത്സിഗാം അറിയപ്പെടുന്നത്. പുരാതനക്കാലത്ത് കാൽനടയായി വന്ന തീര്‍ത്ഥാടകർ വാത്സിഗാമിന് ഒരു മൈൽ മുൻപുള്ള ചെറിയ പള്ളിയിൽ അവരുടെ പാദരക്ഷകൾ അഴിച്ചു വച്ച് അവരുടെ അവസാനത്തെ ഒരു മൈൽ നഗ്നപാദരായി നടന്നിരുന്നു. ആ ചാപ്പൽ ആണ് ഇന്ന് സ്ലിപ്പർ ചാപ്പലായി അറിയപ്പെടുന്നത്. 1930 - ൽ സ്ലിപ്പർ ചാപ്പൽ നോർത്താംപ്റ്റൻ രൂപതയ്ക്ക് ലഭിച്ചു. അതിനു ശേഷം സ്ലിപ്പർ ചാപ്പൽ 'നാഷണൽ ഷ്രൈൻ ഓഫ് ഔർ ലേഡി' ആയി പ്രഖ്യാപിച്ചു. അന്ന് മുതൽ ആയിരക്കണക്കിനു തീര്‍ത്ഥാടകർ എല്ലാ വർഷവും മാതാവിന്റെ അനുഗ്രഹത്തിനായി വന്നു പോകുന്നു. അവരുടെ കൂടെ യുകെയിൽ കുടിയേറിയ മലയാളികൾ എല്ലാ വർഷവും ജൂലൈ മൂന്നാം ഞായറാഴ്ച ഫാ. മാത്യൂ  വണ്ടാലക്കുന്നേലച്ചന്റെ നേതൃത്വത്തിൽ വാത്സിഗാമിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ഭക്തി പുരസരം കൊണ്ടാടുന്നു.

കോതമംഗലം രൂപതയുടെ മുൻ അഭിവന്ദ്യ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് മുഖ്യകാർമികനായുള്ള അനുഗ്രഹീത സാന്നിധ്യം ഈ വർഷത്തെ തീര്‍ത്ഥാടനത്തിന് ആത്മീയ ശോഭ പകരും. വിശ്വാസ പാരമ്പര്യത്തിലും മാതൃ ഭക്തിയിലും ഒട്ടും പിന്നിലല്ലാത്ത മലയാളികളായ നമുക്ക് മരിയാഭക്തി ഗീതങ്ങളിൽ മുഖരിതമായ അന്തരീക്ഷത്തിൽ പരിശുദ്ധ ജപമാലയും അർപ്പിച്ചു കൊണ്ട് ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വർണ്ണാഭമായ മുത്തുകുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയും തീര്‍ത്ഥാടനത്തിൽ പങ്കെടുക്കുന്നത് എക്കാലവും ഒരു നവ്യാനുഭവം തന്നെയാണ്.

ബെഡ്ഫോർഡിലെ ക്രിസ്തീയ സമൂഹം ഒന്നൊന്നായി ഈ വർഷത്തെ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ തീര്‍ത്ഥാടനത്തിന് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ മഞ്ഞയും വെള്ളയും കലർന്ന മാർപാപ്പയുടെ (പേപ്പൽ) പതാകയുമേന്തിയാണ് ഓരോ വിശ്വാസിയും നടന്നു നീങ്ങുക. കൂടാതെ തീര്‍ത്ഥാടകർക്ക് മിതമായ നിരക്കിൽ സ്വാദിഷ്ടമായ നാടൻ ഭക്ഷണം ലഭ്യമാകുന്ന സൗത്ത് ഇന്ത്യ ഡിലൈറ്റ് ബെഡ്ഫോർഡിന്റെ സ്റ്റാൾ തീര്‍ത്ഥാടന സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. 

ഈ വർഷത്തെ തീർഥാടത്തിന് ബെഡ്ഫോർഡ് കേരള ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റിയുടെ തന്നെ ക്വയർ നയിക്കുന്ന ഗാന ശുശ്രൂഷയും ശ്രദ്ധേയമാണ് . കൂടാതെ സ്വിണ്ടൻ ചെണ്ടമേള ഗ്രൂപ്പ് നയിക്കുന്ന ചെണ്ടമേളവും തീർഥാടത്തിന് കൊഴുപ്പേകും .

കൃത്യം 12 മണിക്ക് തന്നെ ഫ്രൈഡേ മാർക്കറ്റിലുള്ള അനൌണ്‍സിയേഷൻ ചാപ്പലിൽ നിന്നും തീര്‍ത്ഥാടന യാത്ര ആരംഭിക്കും സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്നതിനു ശേഷം അടിമ വയ്ക്കൽ ശുശ്രൂഷ ,തീര്‍ത്ഥാടന സന്ദേശം , ഭക്ഷണത്തിനുള്ള ഇടവേള , ഉച്ച കഴിഞ്ഞ് 2.45 ന് അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമൂഹ ബലിയും തുടർന്ന് അടുത്ത വർഷത്തെ തീര്‍ത്ഥാടനത്തിനുള്ള പ്രസുദേന്തിയെ വാഴിച്ച് തീര്‍ത്ഥാടനത്തിനുള്ള തിരി കൈമാറും.

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിൽ അനുഗ്രഹങ്ങൾ നേടുവാനും മരിയ സ്തുതി പ്രഘോഷിക്കുവാനും യു.കെയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനത്തിലേക്ക് ജാതി മത ഭേദമില്ലാതെ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ബെഡ്ഫോർഡ് കേരള ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റിക്കു വേണ്ടി ഫാ.ബിജു കോച്ചേരി നാൽപ്പതിൻ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് :

ഫാ.ബിജു കോച്ചേരി നാൽപ്പതിൻ - 07904417427

സാബിച്ചൻ തോപ്പിൽ - 07545143061 

മേബിൾരാജൻ - 07877027439 

 




കൂടുതല്‍വാര്‍ത്തകള്‍.