
















വിന്റര്‍ സീസണില്‍ പണിമുടക്ക് പ്രഖ്യാപിച്ച ഡോക്ടര്‍മാരോട് ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ അപേക്ഷിച്ച് എന്‍എച്ച്എസ്. ലണ്ടനില്‍ ആശുപത്രി പ്രവേശനങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചതും, സൂപ്പര്‍ഫ്‌ളൂ പൊട്ടിപ്പുറപ്പെട്ടതോടെ സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട സാഹചര്യവും നേരിടുന്നതിനിടെ രാജ്യത്ത് അടിയന്തര ഫ്‌ളൂ വാക്‌സിനേഷന്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചു.
അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന വേദനാജനകമായ സമരങ്ങള്‍ പിന്‍വലിക്കണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരോട് മെഡിക്കല്‍ മേധാവികള്‍ അപേക്ഷിക്കുന്നത്. ദശകങ്ങള്‍ക്കിടെ ഏറ്റവും മോശം അവസ്ഥ നേരിടുന്നതിനൊപ്പം സമരങ്ങള്‍ കൂടിച്ചേരുന്നത് സുരക്ഷാ ആശങ്കകളിലേക്കാണ് വഴിതെളിക്കുന്നത്. 
ഗവണ്‍മെന്റും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അസാധാരണ ഇടപെടല്‍ നടത്തി സമരങ്ങള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. പടര്‍ന്നുപിടിക്കുന്ന ഫ്‌ളൂ സമരങ്ങള്‍ കൊണ്ടുപിടിക്കുമ്പോള്‍ പരമോന്നതിയില്‍ എത്തിച്ചേരുമെന്നാണ് അക്കാഡമി മുന്നറിയിപ്പ് നല്‍കുന്നത്.
അസാധാരണമായ ഫ്‌ളൂ തരംഗത്തിനാണ് ഇക്കുറി വിന്റര്‍ സാക്ഷ്യം വഹിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ 16,500 ആംബുലന്‍സ് ഹാന്‍ഡോവറുകളും ദിവസേന 2363 എന്ന ശരാശരിയില്‍ അരങ്ങേറുന്നു. ഫ്‌ളൂ വാക്‌സിനെടുക്കുന്നത് അടിയന്തര പ്രാധാന്യത്തോടെ കാണാനാണ് എന്‍എച്ച്എസ് ലണ്ടന്‍ നിവാസികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ക്രിസ്മസിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇപ്പോള്‍ തന്നെ നടപടിയെടുക്കാന്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.