
















യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ദൗത്യവുമായും ആരും തന്റെയടുത്ത് വന്നിട്ടില്ല. എം എ ബേബി വന്നപ്പോഴും മറ്റുകാര്യങ്ങള്‍ ചര്‍ച്ചയായില്ല. പിന്നീടാണ് ആര്‍ നാസറും സുജാതയും വന്നത്. സുജാതയും ഹരിശങ്കറും തന്റെ ബന്ധുക്കളാണ്. മറ്റെല്ലാം പ്രചരണങ്ങള്‍ മാത്രമാണ്. ഹൈസ്‌കൂള്‍ കാലത്ത് പാര്‍ട്ടി അംഗമായി. ആരും നിര്‍ബന്ധിച്ചല്ല തന്നെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടിനി സമയത്ത് അംഗത്വം പുതുക്കിയില്ല. ആരോടും വിവരം പറഞ്ഞിരുന്നില്ല. പക്ഷേ ചാനലുകളില്‍ വാര്‍ത്ത വന്നു. വാര്‍ത്ത വന്നപ്പോള്‍ വിവരം പരസ്യപ്പെടുത്തേണ്ടിവന്നു. പാര്‍ട്ടിയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നു. ഒന്നും ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ താനില്ല. 15 പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടിയെയോ പാര്‍ട്ടി രേഖയെയോ ആക്ഷേപിക്കാന്‍ ഇല്ല. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെതിരെയും വ്യക്തിഹത്യ നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊളിറ്റിക്കല്‍ ക്രിമിനലുകളെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ്. അധ്വാനിച്ച് ജീവിച്ച ആളാണ് തന്റെ അച്ഛന്‍. വ്യക്തിഹത്യ കൊണ്ട് പാര്‍ട്ടി നശിക്കുക മാത്രമേയുള്ളൂ. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നയാളല്ല താന്‍. മര്‍ദനവും ഗുണ്ടായിസവും ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലര്‍ത്തി. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരന്‍ പറഞ്ഞു.