
















ആഗോളതലത്തില്‍ വിവിധ കോണുകളില്‍ നിന്ന് ഇസ്രായേല്‍ കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍,ഇന്ത്യ നല്‍കുന്ന ശക്തമായ പിന്തുണയെ പ്രശംസിച്ച് ബെഞ്ചമിന്‍ നെതന്യാഹു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ഇന്ത്യയില്‍ ഇസ്രായേലിന് ലഭിക്കുന്ന വലിയ ജനപിന്തുണയെ നെതന്യാഹു പ്രത്യേകം ചൂണ്ടിക്കാട്ടി.
'ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഞങ്ങള്‍ കടുത്ത വിമര്‍ശനങ്ങളും ബഹിഷ്‌കരണ ഭീഷണികളും നേരിടുന്നുണ്ട്, എന്നാല്‍ ഇന്ത്യയില്‍ അതില്ല. ഇന്ത്യക്കാര്‍ക്ക് ഇസ്രായേലിനോട് വലിയ സ്‌നേഹമാണുള്ളത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് എനിക്ക് ഇന്ത്യയില്‍ നിന്നാണുള്ളതെന്നാണ് ഞാന്‍ കരുതുന്നത്,' നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ ആഗോള നയതന്ത്രത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷവും സുസ്ഥിരവുമായി വളരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെറുസലേം സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന. മോദിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയര്‍ത്തിയിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, സെമികണ്ടക്ടറുകള്‍, ബയോടെക്‌നോളജി, കൃഷി, പ്രതിരോധം, ജലവിഭവ മാനേജ്മെന്റ്, ഫിന്‍ടെക്, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സഹകരണം വിപുലീകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. വിദ്യാഭ്യാസം, കൃഷി, ഫിഷറീസ്, വാണിജ്യം എന്നീ മേഖലകളിലെ നിരവധി കരാറുകളിലും ഇരുനേതാക്കളും ഒപ്പുവെച്ചു. 2025 നവംബറില്‍ ഒപ്പുവെച്ച പ്രതിരോധ സഹകരണത്തിനായുള്ള ധാരണാപത്രത്തിന്റെ പുരോഗതിയും യോഗം വിലയിരുത്തിയിരുന്നു. കൂടാതെ, അതിവേഗ ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ യുപിഐ സാങ്കേതികവിദ്യ ഇസ്രായേലിന്റെ ഫാസ്റ്റ് പേയ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇരുരാജ്യങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്.