
















യുഎസ്-ഇസ്രയേല്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കള്‍ തുടങ്ങി. സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനായി പ്രത്യേക ദൗത്യ സംഘത്തെ ഇറാന്‍ രൂപീകരിച്ചു. വിപുലമായ ചടങ്ങുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഇറാന്‍. മൂന്ന് പതിറ്റാണ്ട് ഇറാനെ നയിച്ച ഖമനയി ഫെബ്രുവരി 28നാണ് അമേരിക്കന്‍-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഏറ്റവും ഒടുവിലായി ഏപ്രില്‍ മാസമാണ് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യുദ്ധം കാരണം ചടങ്ങ് മാറ്റി വെയ്ക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സംസ്‌കാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. വിപുലമായ ചടങ്ങ് നടത്താന്‍ വേണ്ടിയുള്ള സാഹചര്യം ഒരുക്കുന്ന ശ്രമത്തിലായിരുന്നു ഇറാന്‍. ഇതിനായി നേരത്തെ തന്നെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഇറാന്‍ ഭരണകൂടം ഇനിയും സംസ്‌കരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പലതവണ വന്നിരുന്നു. ഇസ്രയേല്‍-യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ബഹുജന ഒത്തുചേരലുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുമാണ് സംസ്‌കാര ചടങ്ങ് ഭരണകൂടം നീട്ടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.