
















ആഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിയ ലേബര്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. സ്വന്തം കസേര സംരക്ഷിക്കാന്‍ പെടാപ്പാട് പെടുന്ന നേതൃത്വമാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധത്തെ പോലും കുഴപ്പത്തിലാക്കുന്നത്.
പാര്‍ട്ടിയില്‍ പ്രീതി നഷ്ടപ്പെട്ട കീര്‍ സ്റ്റാര്‍മര്‍ ക്രിസ്മസ് വരെയെങ്കിലും നം. 10ല്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സൈനിക ഫണ്ടിംഗ് പദ്ധതി ഏറെ വൈകി നില്‍ക്കുമ്പോള്‍ അടിയന്തര നടപടി വേണമെന്ന് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുമ്പോഴും നടപടികള്‍ മുന്നോട്ട് പോകുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
ആറ് മാസക്കാലം സ്റ്റാര്‍മര്‍ തന്നെ നേതൃപദവിയില്‍ തുടരാനുള്ള നീക്കങ്ങളാണ് ഇദ്ദേഹത്തിന്റെ സഹായികള്‍ നടത്തുന്നത്. ഇതിന് ശേഷം നേതൃത്വ വെല്ലുവിളി ഉയര്‍ത്തുന്ന ആന്‍ഡി ബേണ്‍ഹാമിന് അധികാരം കൈമാറാമെന്നതാണ് നിലപാട്. എന്നാല്‍ ഈ സമയം കളയല്‍ മൂലം ഗവണ്‍മെന്റിന് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ബുദ്ധിമുട്ടായി മാറുമെന്നാണ് വിമര്‍ശകര്‍ ഭയക്കുന്നത്.
പ്രത്യേകിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഒരു തവണ കൂടി ബജറ്റ് അവതരണത്തിന് അവസരം ലഭിക്കും. ഉക്രെയിന്‍, മിഡില്‍ ഈസ്റ്റ് യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ഡിഫന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അവതരിപ്പിക്കാന്‍ കാലതാമസം നേരിടുന്നതും ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം അവസാനം പ്രസിദ്ധീകരിക്കേണ്ട പദ്ധതി ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല. എല്ലാം മാറ്റിവെയ്ക്കുന്ന രീതിയാണ് ലേബറിന്റെ മുഖമുദ്ര. പാര്‍ട്ടി നിലപാട് പോലും ഇപ്പോള്‍ അവര്‍ക്ക് പറയാന്‍ കഴിയുന്നില്ല, ടോറി ചെയര്‍മാന്‍ കെവിന്‍ ഹോളിന്റേക്ക് വിമര്‍ശിക്കുന്നു.