
















ബ്രിട്ടനെ ഞെട്ടിച്ച 'മരണങ്ങളുടെ മാലാഖ'. പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുരസിച്ച കൊലയാളി. മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബി അഴിക്കുള്ളിലാണെങ്കിലും ഇവരെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ലൂസി ലെറ്റ്ബി കുഞ്ഞുങ്ങളെ കൊന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ ചോദിച്ചാല്‍ പലരും ഒന്ന് സംശയിക്കും. ആ സംശയങ്ങളുടെ ആക്കം കൂട്ടി ആശുപത്രിയുടെ ഔദ്യോഗിക രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്.
മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെ മരണത്തില്‍ ലൂസി ലെറ്റ്ബിയെ ഡോക്ടര്‍മാര്‍ ബലിയാടാക്കിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. നഴ്‌സിന് എതിരെ ക്രിമിനല്‍ കേസ് ചുമത്താന്‍ കാരണക്കാരായ ഡോക്ടര്‍മാരെ കുറിച്ചുള്ള പുതിയ തെളിവുകളാണ് വഴിത്തിരിവാകുന്നത്.
ലെറ്റ്ബിയെ ഏഴോളം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും, ഇത്ര തന്നെ കുഞ്ഞുങ്ങളെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ് എടുത്ത് ജീവപര്യന്തങ്ങള്‍ വിധിച്ചത്. എന്നാല്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് നഴ്‌സിനോട് പക തോന്നാന്‍ കാരണമുണ്ടായെന്നാണ് ഇപ്പോള്‍ ആശുപത്രി രേഖകള്‍ തന്നെ ആശങ്കപ്പെടുന്നത്.
ഈ ഡോക്ടര്‍മാരുടെ നിയോനേറ്റര്‍ യൂണിറ്റില്‍ നല്‍കിയിരുന്ന വീഴ്ചകളെ കുറിച്ച് ലെറ്റ്ബി ഔദ്യോഗികമായി ആശുപത്രി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇതോടെ നഴ്‌സിനെ തങ്ങളുടെ വാര്‍ഡില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്നാണ് രേഖകള്‍ പറയുന്നു. ഇതോടെ ഡോക്ടര്‍മാര്‍ നഴ്‌സിനെ ബുള്ളിയിംഗ് ചെയ്തിരുന്നതില്‍ മാനേജര്‍മാര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
ആശുപത്രി നടത്തിയ അന്വേഷണത്തില്‍ ലെറ്റ്ബിക്ക് അനുകൂലമായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഡോ. സ്റ്റീഫന്‍ ബ്രയറി, ഇന്ത്യന്‍ വംശജനായ ഡോ. രവി ജയറാം എന്നിവര്‍ ഈ സമയത്ത് നഴ്‌സിനെതിരെ ആശങ്ക അറിയിച്ച് ചെഷര്‍ പോലീസിനെ ബന്ധപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ക്ക് വ്യക്തിവൈരാഗ്യം തോന്നാന്‍ കാരണമുണ്ടായെന്ന് ഒരിക്കല്‍ പോലും ജൂറിക്ക് മുന്നില്‍ വിവരം ലഭിച്ചിരുന്നില്ലെന്നതും പ്രസക്തമാണ്.