
















കെയര്‍ വിസയില്‍ യുകെയിലെത്തിയ മലയാളി കുടുംബങ്ങള്‍ക്ക് ചങ്കിടിപ്പ് ഉയര്‍ത്തി ഹോം ഓഫീസിന്റെ നടപടി. കെയറര്‍മാരായ മാതാപിതാക്കള്‍ക്ക് യുകെയില്‍ തുടരാന്‍ അനുമതി ലഭിച്ചാല്‍ പോലും കുട്ടികള്‍ രാജ്യം വിടണമെന്ന നിലപാടാണ് ആശങ്കയാകുന്നത്. യുകെയില്‍ നിയമപരമായി താമസിക്കുന്ന അഞ്ച് വയസ്സുള്ള കുഞ്ഞിന് വരെ ഇക്കാര്യം അറിയിച്ച് ഹോം ഓഫീസിന്റെ കത്ത് ലഭിച്ചതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെ കെയര്‍ വിസയിലെത്തിയവര്‍ക്ക് ഭീതിയാകുന്നത്.
ഹോം ഓഫീസ് കുട്ടികള്‍ക്ക് അയച്ച അഞ്ച് കത്തുകള്‍ നേരില്‍ കണ്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറാമത്തെ കത്ത് ലഭിച്ചിരിക്കുന്നത്, ആറ് മാസം ഗര്‍ഭിണിയായ സ്ത്രീക്കാണ്. ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ഇവരോട് നാട്ടിലേക്ക് മടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാടുവിടാന്‍ ആവശ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കളും കെയര്‍ വര്‍ക്കര്‍ വിസയുള്ളവരാണ്. 2024 മാര്‍ച്ച് വരെ പങ്കാളികളെയും, കുട്ടികളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടായിരുന്നു.
2023-ല്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തുന്ന കെയറര്‍മാര്‍ക്കൊപ്പം എത്തുന്ന കുടുംബാംഗങ്ങളുടെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഗവണ്‍മെന്റ് വിഷയത്തില്‍ കര്‍ശന നടപടി ആരംഭിച്ചത്. 1 ലക്ഷം കെയര്‍ വര്‍ക്കര്‍മാര്‍ക്കൊപ്പം 120,000 കുടുംബാംഗങ്ങളും യുകെയിലെത്തിയെന്ന കണക്കാണ് പ്രശ്‌നമായത്. 2024 മാര്‍ച്ച് മുതല്‍ കെയര്‍ ജീവനക്കാരുടെ പങ്കാളിക്കോ, കുട്ടികള്‍ക്കോ യുകെയില്‍ പ്രവേശനം നല്‍കുന്നില്ല. 2025 ജൂലൈയില്‍ കെയറര്‍മാരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുന്നതിനും വിലക്ക് വന്നു.
എന്നാല്‍ ഈ നിരോധനങ്ങളും, വിലക്കുകളും വരുന്നതിന് മുന്‍പ് യുകെയിലെത്തിയ കുട്ടികള്‍ക്ക് ഈയടുത്ത ആഴ്ചകളില്‍ കത്തുകള്‍ ലഭിച്ചതാണ് ഞെട്ടലാകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം കേസുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഇതിന് പുറമെ കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്ന വിസയിലുള്ളവര്‍ക്ക് സെറ്റില്‍മെന്റ് ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷം എന്നത് 15 വര്‍ഷത്തേക്ക് ഉയര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് നടപ്പായാല്‍ ഈ വിഭാഗം ജോലിക്കാര്‍ കൂട്ടത്തോടെ നാടുവിടുമെന്നാണ് സര്‍വ്വെകള്‍ സൂചിപ്പിക്കുന്നത്.