
















അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ശക്തമായ മിസൈലാക്രമണം. കുവൈറ്റിലെ അല്‍ സാലം എയര്‍ ബേസ്, ബഹ്റൈനിലെ ഈസ എയര്‍ ബേസ് എന്നിവ ലക്ഷ്യമാക്കിയാണ് ചൊവ്വാഴ്ച രാത്രി ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചത്. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും ക്യൂഷം ദ്വീപിന് സമീപവും അമേരിക്ക നടത്തുന്ന ശത്രുതാപരമായ നടപടികള്‍ക്ക് തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാന്‍ വ്യക്തമാക്കി.
മിസൈലുകളെ പ്രതിരോധിക്കാന്‍ കുവൈറ്റിലും ബഹ്‌റൈനിലും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി. അമേരിക്കയുടെ പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തേക്ക് കുതിച്ചുയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ക്യൂഷം ദ്വീപിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണ് ഇതെന്നും യുഎസ് താവളങ്ങള്‍ക്ക് നേരെ തങ്ങള്‍ കൃത്യമായ ലക്ഷ്യത്തോടെ മിസൈലുകള്‍ അയച്ചതായും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
മിസൈല്‍ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംശയകരമായ വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്.
ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്റെ മിസൈലുകളൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. കുവൈറ്റ് ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകള്‍ വഴിമധ്യേ തകര്‍ന്നു വീഴുകയോ തകരുകയോ ചെയ്തു. ബഹ്റൈന് നേരെ വന്ന മൂന്ന് മിസൈലുകള്‍ അമേരിക്കയും ബഹ്റൈനും ചേര്‍ന്ന് അന്തരീക്ഷത്തില്‍ വെച്ച് തന്നെ വെടിവെച്ചിട്ടതായും യുഎസ് വ്യക്തമാക്കി.