
















ഹിന്ദു ആചാരപ്രകാരം വിവാഹിതയായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. കരസേനാ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച കീഴ്‌ക്കോടതി വിധി ജസ്റ്റിസ് പി. വടമലൈ ശരിവെച്ചു. വിവാഹമോചനത്തിനെതിരെ ഭാര്യ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഭാര്യ ക്രിസ്തുമതം സ്വീകരിച്ചെന്നും താലിമാലയോ മറ്റ് ആഭരണങ്ങളോ അണിയാന്‍ വിസമ്മതിക്കുന്നുവെന്നും കാണിച്ച് ഭര്‍ത്താവാണ് ആദ്യം കോടതിയെ സമീപിച്ചത്. കൂടാതെ, തനിക്കെതിരേ തന്റെ മേലുദ്യോഗസ്ഥര്‍ക്ക് ഭാര്യ വ്യാജ പരാതികള്‍ നല്‍കിയതായും ഇയാള്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ച് തെങ്കാശി പ്രിന്‍സിപ്പല്‍ സബോര്‍ഡിനേറ്റ് കോടതി 2017-ല്‍ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇതിനെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ 2019-ല്‍ തെങ്കാശി അഡീഷണല്‍ ജില്ലാ ജഡ്ജിയും തള്ളിയതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്നും അത് ചോദ്യം ചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നുമാണ് ഭാര്യ അപ്പീലില്‍ വാദിച്ചത്. എന്നാല്‍, ഭാര്യയുടെ മതമാറ്റം തനിക്ക് വലിയ മനോവിഷമമുണ്ടാക്കിയെന്നും മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതികള്‍ കാരണം ജോലിയില്‍ അച്ചടക്ക നടപടി നേരിടേണ്ടി വന്നെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. 1977-ലായിരുന്നു ഇവരുടെ വിവാഹം. മുതിര്‍ന്ന രണ്ട് മക്കളുമുണ്ട്.
കേസ് പരിഗണിച്ച ഹൈക്കോടതി, ഹിന്ദുസ്ത്രീകള്‍ ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ താലി അഴിച്ചുമാറ്റാറില്ലെന്ന് ചൂണ്ടിക്കാണിച്ചു. താലിമാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ അണിയാന്‍ ഭാര്യ വിസമ്മതിക്കുന്നത് അവര്‍ ക്രിസ്തുമതം സ്വീകരിച്ചെന്ന ഭര്‍ത്താവിന്റെ വാദത്തിന് തെളിവായെടുക്കാം. ഇതിനൊപ്പം ഭര്‍ത്താവിന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്ന രീതിയില്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നതും ക്രൂരതയുടെ പരിധിയില്‍ വരും. ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ ഭാര്യക്ക് കഴിഞ്ഞിട്ടുമില്ലെന്ന് ജസ്റ്റിസ് പി. വടമലൈ വിധിന്യായത്തില്‍ വ്യക്തമാക്കി.