CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 51 Seconds Ago
Breaking Now

അണ്ണാമലൈ തരംഗം; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ച് 10 മണിക്കൂറിനുള്ളില്‍ ചേര്‍ന്നത് 10 ലക്ഷത്തിലധികം പേര്‍

പുതിയ പ്രസ്ഥാനത്തിന് ലഭിച്ച പ്രതികരണത്തിന് അണ്ണാമലൈ എക്‌സിലൂടെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.

തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ തുടക്കം കുറിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വന്‍ ജനപിന്തുണ. പാര്‍ട്ടി പ്രഖ്യാപിച്ച് വെറും 10 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് പ്രസ്ഥാനത്തില്‍ അംഗത്വമെടുത്തത്. വെള്ളിയാഴ്ചയാണ് അണ്ണാമലൈ ബിജെപി വിട്ട് 'വി ദ ലീഡേഴ്‌സ്' എന്ന പേരില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചത്. തന്റെ പുതിയ പ്രസ്ഥാനത്തിന് ലഭിച്ച പ്രതികരണത്തിന് അണ്ണാമലൈ എക്‌സിലൂടെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.

'നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനം ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വെറും 10 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം നേതാക്കളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്. നമ്മുടെ കൂട്ടായ ലക്ഷ്യത്തിലും കാഴ്ചപ്പാടിലുമുള്ള ജനങ്ങളുടെ വളര്‍ന്നുവരുന്ന വിശ്വാസത്തിന്റെ ശക്തമായ തെളിവാണ് ഈ അസാധാരണ പ്രതികരണം. ഈ പ്രസ്ഥാനത്തില്‍ വിശ്വസിച്ച ഓരോരുത്തര്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,' അണ്ണാമലൈ കുറിച്ചു.

വ്യക്തിപൂജകളും കപടഭക്തിയും വംശീയ രാഷ്ട്രീയവും പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് സാധാരണക്കാര കേന്ദ്രീകൃതമായ ഭരണവും രാഷ്ട്രീയവും കെട്ടിപ്പടുക്കുകയാണ് വി ദ ലീഡേഴ്‌സ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് അണ്ണാമലൈ വ്യക്തമാക്കി.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020 ഓഗസ്റ്റിലാണ് ബിജെപിയില്‍ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവികളിലേക്ക് എത്തിയ അദ്ദേഹം ആഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാന വൈസ് പ്രസിഡന്റായും 2021-ല്‍ തമിഴ്നാട് ബിജെപി അധ്യക്ഷനായും നിയമിതനായി.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലം 3 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 2024-ല്‍ 11 ശതമാനമായി ഉയര്‍ത്താന്‍ അണ്ണാമലൈയ്ക്ക് കഴിഞ്ഞു. എങ്കിലും തമിഴ്നാട്ടില്‍ ഒരു പാര്‍ലമെന്റ് സീറ്റ് പോലും നേടാന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നില്ല. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവകുറിച്ചിയില്‍ നിന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നും അണ്ണാമലൈ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എങ്കിലും തമിഴ്നാട്ടിലെ യുവവോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ മുഖമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.