
















ജോലി ചെയ്യാതെ പണം ലഭിക്കുന്നത് ഒരു സുഖമുള്ള ഏര്‍പ്പാടാണ്. എന്നാല്‍ ഇത് ആരെങ്കിലും കണ്ടെത്തിയാല്‍ ലഭിക്കുന്ന പ്രത്യാഘാതം അത്രയും വേദനിപ്പിക്കുകയും ചെയ്യും. ഒരു എന്‍എച്ച്എസിന് നഴ്‌സിനാണ് ഈ വേദന ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജോലി ചെയ്യാത്ത ഷിഫ്റ്റുകളില്‍ ഉണ്ടായിരുന്നുവെന്ന് റോസ്റ്ററില്‍ കൂട്ടിച്ചേര്‍ത്ത് 20,000 പൗണ്ട് അടിച്ചുമാറ്റിയ നഴ്‌സിനെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.
സറേയിലെ ഫ്രംലി ഹീല്‍ത്ത് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ഫെയ്ത്ത് ചരേക്കയാണ് 'അണ്‍ഫെയ്ത്ത്ഫുള്ളായി' പെരുമാറിയത്. തന്റെ പദവി ദുരുപയോഗം ചെയ്ത് 2020 നവംബര്‍ ഒന്നിനും, 2023 ഫെബ്രുവരി ഒന്നിനും ഇടയില്‍ 50 ഷിഫ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലിന്റെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റി റിപ്പോര്‍ട്ട്.
ചില ഷിഫ്റ്റുകള്‍ ബേസ് റേറ്റാണ് നല്‍കിയതെങ്കിലും, ഭൂരിഭാഗവും ഉയര്‍ന്ന റേറ്റ് നല്‍കുന്ന നൈറ്റ് ഷിഫ്റ്റും, ബാങ്ക് ഹോളിഡേയും, വീക്കെന്‍ഡുകളും ഉള്‍പ്പെടുന്നതാണ്. ജോലി ചെയ്യണമെന്നില്ലാത്ത സമയത്ത് ജോലിക്ക് കയറിയതിന് 19,574.41 പൗണ്ടും, 540 മണിക്കൂര്‍ ടം ഓഫ് ഇന്‍ ല്യൂവും ഇവരുടെ പേരില്‍ ചേര്‍ക്കപ്പെട്ടു.
എന്നാല്‍ ചെയ്യാത്ത ജോലിയുടെ പേരിലാണ് ഇവര്‍ കഠിനാധ്വാനം ചെയ്യുന്നതിന്റെ ലേബല്‍ ലഭിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് വര്‍ഷക്കാലം നീണ്ട തട്ടിപ്പില്‍ ചെരേക്ക കുറ്റസമ്മതം നടത്തിയിരുന്നു. 18 മാസത്തെ സസ്‌പെന്റഡ് സെന്റന്‍സ് ലഭിച്ചതിനാല്‍ ജയിലില്‍ പോകാതെ തലയൂരി. 2023-ല്‍ ട്രസ്റ്റ് നഴ്‌സിനെ ഡിസ്മിസ് ചെയ്തു. ഇപ്പോള്‍ എന്‍എംസി നഴ്‌സിംഗ് പ്രൊഫഷനില്‍ നിന്നും ഇവരെ പൂര്‍ണ്ണമായി വിലക്കിയിരിക്കുകയാണ്. നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും ചെരേക്കയെ പുറത്താക്കിയിട്ടുണ്ട്.