
















ഒരു ദശകത്തിനിടെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ സുദീര്‍ഘമായ കാത്തിരിപ്പിനെ തുടര്‍ന്ന് മരണപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധനവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 16,000 രോഗികളുടെ മരണത്തിന് കാരണമായത് കാലതാമസമാണ്. ആഴ്ചയില്‍ 300 പേര്‍ എന്ന നിരക്കിലാണ് ഈ മരണങ്ങള്‍.
2021 മുതല്‍ എ&ഇയിലെ നീളമേറിയ കാത്തിരിപ്പ് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതായി റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പറഞ്ഞു. പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കുന്നതിന് പകരം എളുപ്പ വഴിയില്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റ് പരിപാടിയെ ആര്‍സിഇഎം വിമര്‍ശിച്ചു.
2024-ലെ 16,644 എന്ന നിരക്കില്‍ നിന്നും മരണങ്ങള്‍ ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2015-ലെ 1657 എന്ന നിരക്കിനേക്കാള്‍ പത്തിരട്ടിയാണ് മരണങ്ങള്‍. റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവായത് കൊണ്ട് തന്നെ യഥാര്‍ത്ഥ തോത് ഇതിലും കൂടുതലായിരിക്കും. വിഷയം അടിയന്തരമായി പരിഗണിച്ച് 2030 ആകുമ്പോള്‍ കാത്തിരുന്ന് മരിക്കുന്ന അവസ്ഥ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ നടപടി വേണമെന്ന് ആര്‍സിഇഎന്‍ ആവശ്യപ്പെടുന്നു.
എമര്‍ജന്‍സി മെഡിസിന്‍ നേരിടുന്ന പ്രശ്‌നത്തിന്റെ ആഴം സംബന്ധിച്ച് ഇനി സംശയങ്ങളും ആവശ്യമില്ലെന്ന് സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഇന്‍ ഇംഗ്ലണ്ട് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്ക് നല്‍കേണ്ട ക്യുബിക്കിളില്‍ രോഗികളെ കുത്തിനിറയ്ക്കുകയോ, ഇടനാഴികളിലും, കബോര്‍ഡിലും വരെ ചികിത്സയ്ക്കായി കിടത്തുകയോ ചെയ്യുന്നതാണ് നിലവിലെ സ്ഥിതിയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.