
















വന്‍ രാഷ്ട്രീയ വിവാദമുയര്‍ത്തിയ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് കേസില്‍ കൂടുതല്‍ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികള്‍ വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം . കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ മുന്‍പ് നല്‍കിയ മൊഴികളും പുതുതായി രേഖപ്പെടുത്തിയ മൊഴികളും തമ്മില്‍ വൈരുധ്യങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് പ്രത്യേക സംഘത്തിന്റെ നീക്കം.
സ്‌ക്രീന്‍ഷോട്ട് ആര് നല്‍കിയതാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി ചോദ്യം ചെയ്ത നാല് പേരും സ്‌ക്രീന്‍ഷോട്ട് എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല. ഗ്രൂപ്പുകളില്‍ നിന്ന് ഫോര്‍വേഡ് ചെയ്ത് കിട്ടിയതാണെന്ന മുന്‍ നിലപാടില്‍ തന്നെയാണ് ഇവര്‍ ഉറച്ചുനില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള പ്രധാന വഴി. കേസില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം ഉടന്‍ ലഭ്യമാകുമെന്നാണ് സൂചന. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ സ്‌ക്രീന്‍ഷോട്ട് ആദ്യമായി നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതുമായ ഡിജിറ്റല്‍ വിലാസങ്ങള്‍ കണ്ടെത്താനാകുമെന്നും, അതിലൂടെ കേസിന് കൃത്യമായ ഉത്തരം ലഭിക്കുമെന്നുമാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആരുണ്ടാക്കിയെന്നതുമായി ബന്ധപ്പെട്ട കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന്‍, മനീഷ്, അതുല്‍ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. റെഡ് വളന്റിയേഴ്‌സ് ബറ്റാലിയന്‍ വാട്‌സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും. ഇവരുടെ മൊഴി പരിശോധിക്കാനാണ് തീരുമാനം.