
















ഉയര്‍ന്ന ജാതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 18 വയസ്സുള്ള ദളിത് യുവാവിനെ തല്ലികൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാളിലുള്ള പ്രതാപ്നഗര്‍ ബ്ലോക്കിലാണ് സംഭവം. ദേവാല്‍ ഗ്രാമവാസിയായ കേതന്‍ ലാല്‍ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കേതന്റെ സുഹൃത്തായ ദിവാകര്‍ ദിമ്രിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബൗരാരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേതന്റെ പിതാവ് ധന്‍പാല്‍ ലാല്‍ നല്‍കിയ പരാതി പ്രകാരം ഞായറാഴ്ച രാത്രി ഖോല്‍ഗഡ് ഗ്രാമത്തിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. കഴിഞ്ഞ ആറ് മാസമായി ഖോല്‍ഗഡ് ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി കേതന്‍ സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടി കേതന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് തന്റെ ഗ്രാമത്തിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കേതന്‍ സുഹൃത്ത് ദിവാകര്‍ ദിമ്രിയോടൊപ്പം ബൈക്കില്‍ ഖോല്‍ഗഡിലേക്ക് പോയി.
ഇരുവരും സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇവരെ തടഞ്ഞുവെക്കുകയും, ഒരു മുറിയില്‍ പൂട്ടിയിട്ട് വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ കേതന്റെ പിതാവായ ധന്‍പാല്‍ ലാലിനെ ഫോണില്‍ വിളിച്ച് മകന്റെ അവസ്ഥ അറിയിക്കുകയും അവനെ വന്ന് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ധന്‍പാല്‍ ലാല്‍ സംഭവസ്ഥലത്ത് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കേതന്‍. ഉടന്‍ തന്നെ ചൗന്ദ് ലാംഗാവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും കേതന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും കുടുംബവും അക്രമികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു.
പ്രതികളിലൊരാളായ യശ്വീര്‍ സിംഗ് പന്‍വാറിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.